പീരുമേട്: വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ അനുമതി നിഷേധിച്ചതിനെ തുടർന്ന് രണ്ടര മാസമായി വൈദ്യുതി ഇല്ലാതെ ഇരുട്ടിൽ കഴിയുകയാണ് വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് എസ്റ്റേറ്റിലെ വിജയനും കുടുംബവും. പോബ്സ് എസ്റ്റേറ്റ് മാനേജ്‌മെന്റാണ് വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ അനുമതി നിഷേധിച്ചത്. ഇഞ്ചിക്കാട് മാനേജേഴ്സ് ക്ലബ്ബിലെ വാച്ച്മാനായി 48 വർഷമായി ജോലി ചെയ്യുന്ന വിജയൻ രണ്ടായിരത്തിൽ ആർ.ബി.ടി കമ്പനി ഉടമ മണി ശർമ്മയിൽ നിന്ന് 10 സെന്റ് സ്ഥലവും വീടും വാങ്ങിയിരുന്നു. ക്ലബ്ബിലേക്ക് വരുന്ന വൈദ്യുതി പോസ്റ്റിൽ നിന്നുമാണ് വിജയനും കുടുംബത്തിനും വൈദ്യുതി ലഭിച്ചിരുന്നത്. എന്നാൽ തടികൊണ്ടുള്ള ഇലക്ട്രിക് പോസ്റ്റ് ജീർണ്ണിച്ചതിനാൽ ഏതാനും മാസം മുമ്പ് പോസ്റ്റ് ഒടിഞ്ഞു പോയി. ഇതോടെ വൈദ്യുതി നിലച്ചു. പുതിയ വൈദ്യുതി പോസ്റ്റ് സ്ഥാപിക്കാൻ വേണ്ടി വിജയൻ ശ്രമിച്ചപ്പോഴാണ്തടസങ്ങൾ ഓരോന്നായി വന്നു പെട്ടത്. ആദ്യം കെ.എസ്.ഇ.ബിയെ സമീപിച്ചപ്പോൾ സ്ഥിര താമസ സർട്ടിഫിക്കറ്റും ഓണർഷിപ്പ് സർട്ടിഫിക്കറ്റുമായി എത്തിയാൽ, എസ്.സി കുടുംബാംഗങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി വൈദ്യുതി നൽകാമെന്നറിയിച്ചു. എന്നാൽ വിജയൻ എല്ലാ രേഖകളുമായി അപേക്ഷ നൽകിയപ്പോഴാണ് ആർ.ബി.ടി കമ്പനി ഏറ്റെടുത്തു നടത്തുന്ന പോബ്സ് എസ്റ്റേറ്റ് മാനേജ്‌മെന്റ്, തങ്ങളുടെ സ്ഥലത്തിലൂടെ ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കാൻ സാദ്ധ്യമല്ലെന്ന് കെ.എസ്.ഇ.ബി.യെ അറിയിച്ചത്. ഇതോടെ മറ്റ് മാർഗ്ഗമില്ലാതായിരിക്കെയാണ് വിജയനും കുടുംബവും. ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള അധികൃതർക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് വിജയന്റെ കുടുംബം.
കുട്ടികളുടെ പഠനം മെഴുകുതിരി വെളിച്ചത്തിൽ
രണ്ടര മാസക്കാലമായി ഇവർ ഇരുട്ടിൽ കഴിയുന്നു. വിജയന്റെ മകൻ ഓട്ടോറിക്ഷ തൊഴിലാളി മോഹനനും അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഹാഷ്നിയും ഒന്നാം ക്ലാസിൽ പഠിക്കുന്ന ഹർഷിനിയും വൈദ്യുതി നിലച്ചതോടെ മെഴുകുതിരി വെളിച്ചത്തിലാണ് പഠനം. ഇവരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം എടുക്കണമെങ്കിൽ വളരെ അകലെ നിന്ന് വേണം കൊണ്ടുവരാൻ.