തൊടുപുഴ: വേണുനാദവും ചിലങ്കകളുടെ കിലുക്കവുമായി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരപ്പോൾ നഗരവീഥികൾ അക്ഷരാർത്ഥത്തിൽ അമ്പാടിയായി മാറി.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയിൽ വിവിധയിടങ്ങളിൽ ക്ഷേത്രങ്ങളുടെയും ബാലഗോകുലങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശോഭായാത്രയിൽ വൻഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്. ഉണ്ണിക്കണ്ണൻമാരുടെയും ഗോപികമാരുടെയും വേഷ മത്സരങ്ങളും പലയിടത്തും അരങ്ങേറി. പീലി തിരുമുടിയും വേണുവും കിരീടവും ധരിച്ച് കുട്ടികൾ അടിവെച്ച് നീങ്ങിയപ്പോൾ അവരെ പിന്തുടർന്ന് അലങ്കരിച്ച കുടവുമായി ഗോപികമാരും നീങ്ങി. ഇതിനുപുറമെ പുരാണ കഥാസന്ദർഭങ്ങൾ ആവിഷ്‌ക്കരിക്കുന്ന നിശ്ചല ദൃശ്യങ്ങളും അമ്മങ്കുടവും മറ്റു കലാരൂപങ്ങളും ഒത്തു ചേർപ്പോൾ വൃന്ദാവനത്തിന്റെ പ്രതീതിയായി മാറി.
ഇന്നലെ വൈകിട്ട് നാലിന് കാരിക്കോട് ദേവീക്ഷേത്രം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, വെങ്ങല്ലൂർ ആരവല്ലിക്കാവ് ഭഗവതിക്ഷേത്രം, നടയിൽക്കാവ് ദേവീക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, തെക്കുംഭാഗം ശ്രീധർമ്മശാസ്താ ക്ഷേത്രം, ഒളമറ്റം കവല എന്നിവിടങ്ങളിൽ ഉറിയടിയും ഗോപികാനൃത്തവും അരങ്ങേറി. തെക്കുംഭാഗം ശ്രീധർമ്മശാസ്താക്ഷേത്രം, കാപ്പിത്തോട്ടം, വടക്കുംമുറി തയ്യക്കോടത്ത് ദേവീക്ഷേത്രം, അഞ്ചിരി, അണ്ണായിക്കണ്ണം, തൊണ്ടിക്കുഴ എന്നിവിടങ്ങളിൽ നാലിന് ശോഭായാത്രകൾ പുറപ്പെട്ട് മുഖ്യശോഭായാത്ര ആരംഭിക്കുന്ന കാരിക്കോട് ദേവീക്ഷേത്രത്തിലെത്തി. ഇവിടെ ഗോപികാനൃത്തം, ഉറിയടി എന്നിവ അവതരിപ്പിച്ച ശേഷം 4.30ന് പുറപ്പെട്ടു. ഇതോടൊപ്പം മുതലിയാർമഠം ശ്രീമഹാദേവക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമിക്ഷേത്രം, നെല്ലിക്കാവ് ദേവീക്ഷേത്രം, ഒളമറ്റം കവല, വെങ്ങല്ലൂർ ആരവല്ലിക്കാവ് എന്നിവിടങ്ങളിൽ നിന്നും ശോഭയാത്രകൾ ആരംഭിച്ചു. വടക്കുംമുറി തയ്യക്കോടത്ത് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര അഞ്ചോടെ മങ്ങാട്ടുകവലയിൽ സംഗമിച്ചു. മുതലിയാർമഠം, കാഞ്ഞിരമറ്റം, തെക്കുംഭാഗം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കാഞ്ഞിരമറ്റം കവലയിൽ എത്തിച്ചേർന്ന് മുഖ്യശോഭായാത്രയോട് ചേർന്നു. തുടർന്ന് പുളിമൂട്ടിൽ കവലയിൽ വെങ്ങല്ലൂർ ഭാഗത്ത് നിന്നുള്ള ശോഭയാത്രയും 5.35ന് ഗാന്ധി സ്‌ക്വയറിൽ ഒളമറ്റം ഭാഗത്ത് നിന്നുള്ള ശോഭായാത്രയും മുഖ്യശോഭായാത്രയുമായി ചേർന്നു. മണക്കാട്, നെല്ലിക്കാവ് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മണക്കാട് ജംഗ്ഷനിൽ മുഖ്യശോഭ യാത്രയുമായി സംഗമിച്ചു. മഹാശോഭായാത്രയായി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. രാത്രി ഏഴരയോടെ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ എത്തിയ ശേഷം കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ പ്രസാദ വിതരണത്തോടെ ശോഭായാത്ര സമാപിച്ചു. തുടർന്ന് ശ്രീവത്സം ബിൽഡിംഗ്സിന് മുമ്പിൽ വിവിധ ബാലഗോകുലങ്ങൾ അവതരിപ്പിക്കുന്ന ഗോപികനൃത്തം ഉണ്ടായിരുന്നു.
ഹൈറേഞ്ച് മേഖലയിൽ നെടുങ്കണ്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടുക്കി തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മുളകുവള്ളി ശ്രീദുർഗ്ഗാദേവി മഹാദേവ ക്ഷേത്രം, പൈനാവ് ശ്രീമഹാവിഷ്ണു ക്ഷേത്രം, അടിമാലി വൈഷ്ണ ക്ഷേത്രം, ആനച്ചാൽ ശ്രീ അയ്യപ്പക്ഷേത്രം, വടവട കോവില്ലൂർ ശ്രീരാമൻ ക്ഷേത്രം, കൊട്ടക്കാമ്പൂർ ഗണപതി ക്ഷേത്രം, കാന്തല്ലൂർ അഞ്ചുനാട് അയ്യപ്പസ്വാമി ക്ഷേത്രം, മറയൂർ അരുണാച്ചിയമ്മൻ ക്ഷേത്രം, തെങ്കാശിനാഥൻ ക്ഷേത്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്രകൾ നടന്നു. ലോ റേഞ്ച് മേഖലയിൽ കുടയത്തൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം, അറക്കുളം നെറ്റിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കാപ്പ് കുറിഞ്ഞിലിക്കാട്ട് ഭഗവതി ധർമ്മശാസ്താ ക്ഷേത്രം, വഴിത്തല തൃക്കയിൽ ശ്രീമഹാദേവ ക്ഷേത്രം, പടി. കോടിക്കുളം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, വണ്ണപ്പുറം തെക്കേച്ചിറ മഹാവിഷ്ണു ക്ഷേത്രം, തറവട്ടം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കൊട്ടാറ്റ് വിഷ്ണുവണ്ണവർ മഹാദേവക്ഷേത്രം, ഉടുമ്പന്നൂർ തൃക്കയിൽ മഹാവിഷ്ണു ക്ഷേത്രം, കലൂർ ശ്രീമഹാദേവ ക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ശോഭായാത്രകൾ നടന്നു.
പുലർച്ചെ മുതൽ തിരക്ക്, ഗതാഗത കുരുക്ക്
ഞായറാഴ്ചയായിരുന്നെങ്കിലും ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയിൽ വിവിധയിടങ്ങളിൽ ക്ഷേത്രങ്ങളുടെയും ബാലഗോകുലങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ശോഭായാത്രയിൽ വൻഭക്തജന പ്രവാഹമാണുണ്ടായത്. ഇത് പലയിടത്തും മണിക്കൂറുകളോളം ഗതാഗത കുരുക്കിനിടയാക്കി. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പുലർച്ചെ മുതൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കണ്ണന് 2001 ലിറ്റർ പാൽപായസവും 11111 ഉണ്ണിയപ്പവും
തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവം മഹാനിവേദ്യ സമർപ്പണത്തോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആഘോഷിച്ചു. ഭക്തജനങ്ങളുടെ പ്രാർത്ഥനകളും സമർപ്പണങ്ങളും ചേർത്ത് ക്ഷേത്രം കാവനാട് പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കണ്ണന് 2001 ലിറ്റർ പാൽപായസവും 11111 ഉണ്ണിയപ്പവും
നിവേദിച്ചു. ഭക്തജനങ്ങൾക്ക് രാവിലെ ഒമ്പത് മുതൽ പാൽപായസവും ഉണ്ണിയപ്പവും ക്ഷേത്രത്തിനു മുന്നിലെ സ്‌പെഷ്യൽ കൗണ്ടറിൽ നിന്ന് നൽകി. രാവിലെ 11 മുതൽ ഭഗവാന്റെ പിറന്നാൾ സദ്യയുമുണ്ടായിരുന്നു. മേല്പത്തൂർ ഓഡിറ്റോറിയത്തിൽ വൈകിട്ട് ഒമ്പത് മുതൽ സുപ്രസിദ്ധ ചലച്ചിത്ര സംഗീതസംവിധായകൻ സ്റ്റിൽജു അർജുനനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേള അരങ്ങേറി.