തൊടുപുഴ: ആലപ്പുഴയിൽ നടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ തന്നെ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ലെന്നും ഇത് സംബന്ധിച്ച് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധാരണാജനകമാണെന്നും മുതിർന്ന നേതാവ് കെ.കെ ശിവരാമൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ശിവരാമൻ ഇക്കാര്യം വ്യക്തമാക്കിയത്. ദൃശ്യ മാദ്ധ്യമങ്ങളോടെല്ലാം ഇത് സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. ഓരോ സമ്മേളനത്തിലും 20 ശതമാനം പേരെ ഒഴിവാക്കുകയും പുതിയതായി 20 ശതമാനം പേരെ എടുക്കുകയും ചെയ്യും. സംസ്ഥാന കൗൺസിലിൽ മാത്രമല്ല എല്ലാ ഘടകങ്ങളിലും അങ്ങനെയാണ്. ഇതിന്റെ ഭാഗമായാണ് തന്നെ ഒഴിവാക്കിയത്. അതൊരു സ്വാഭാവിക നടപടിയാണ്. 16 വർഷക്കാലം ഇടുക്കി ജില്ലാ സെക്രട്ടറിയും 22 വർഷം സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. ആറു വർഷക്കാലം സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്നു. എന്റെ പ്രായം 73 വയസാണ്. സംസ്ഥാന കൗൺസിൽ നിന്ന് ഒഴിവാക്കിയതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.