തൊടുപുഴ: നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ കൊല്ലാൻ നിലവിൽ ഉള്ള കേന്ദ്ര നിയമത്തിൽ വകുപ്പുകൾ നിലനിൽക്കെ തന്നെ പുതിയ നിയമനിർമ്മാണത്തിന് സംസ്ഥാനം തുനിയുന്നത് സർക്കാരിന് വന്ന വീഴ്ചകൾ മറച്ചുവയ്ക്കാൻ വേണ്ടി മാത്രമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. നിലവിലുള്ള നിയമത്തിന്റെ സെക്ഷൻ 11 (1) എയും സെക്ഷൻ 11 (1 ) ബിയും അനുസരിച്ച് മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്. പീരുമേട്ടിൽ കടുവയെ വെടിവെച്ചുകൊന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാത്തതും ഈ നിയമത്തിന്റെ പരിരക്ഷയിൽ തന്നെയാണ്. എന്നാൽ മറ്റൊരിടത്തും അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായതുമില്ല. ഈ ഘട്ടത്തിൽ ഉണ്ടായ വിമർശനങ്ങൾ തണുപ്പിക്കാൻ വേണ്ടിയാണ് സ്റ്റാൻഡേ‌‌ർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറിൽ (എസ്.ഒ.പി) കാര്യങ്ങൾ ലളിതവത്കരിക്കാൻ എന്ന രൂപത്തിൽ പുതിയ നിയമത്തിന് സർക്കാർ നേതൃത്വം നൽകുന്നത്. ഏതു ഘട്ടത്തിലും സർക്കാർ ഏതു മൃഗത്തെയും അപകടകാരിയാണെന്നും ജീവന് ഭീഷണിയാണെന്നും പ്രഖ്യാപിച്ചാൽ ഒരു നിയമതടസവും നിലവിൽ ഇല്ല. ഇതു വരെ സർക്കാർ പ്രകടിപ്പിച്ച മെല്ലെപ്പോക്ക് നയം ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. തങ്ങൾ ചെയ്യുന്നതാണ് ശരി എന്ന് വരുത്തി തീർക്കലാണ് ഈ നീക്കത്തിന് പിന്നിൽ. ഈ നിയമ നിർമ്മാണത്തിന് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമയം കളയുകയും ചെയ്യും. അങ്ങനെ വീണ്ടും ജനങ്ങളെ ശിക്ഷിക്കാനാണെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും എം.പി പറഞ്ഞു.