മൂന്നാർ: മൂന്നാറിൽ ധനകാര്യ സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങിയതോടെ പരാതിയുമായി നിക്ഷേപകർ രംഗത്ത്. മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിച്ചിരുന്ന ധനകാര്യസ്ഥാപനത്തിനെതിരെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. പള്ളിവാസലിൽ താമസക്കാരിയായ വീട്ടമ്മയാണ് പരാതിനൽകിയത്. ആനച്ചാൽ, അടിമാലി സ്വദേശികളായ രണ്ട് ഏജന്റുമാർ വീട്ടമ്മയെ സമീപിക്കുകയും കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന പലിശനിരക്ക് ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. തുടർന്നാണ് വീട്ടമ്മ അമ്പതിനായിരം രൂപ കമ്പനിയിൽ നിക്ഷേപിച്ചത്. ഒരു വർഷ കാലവധിക്കാണ് പണം നിക്ഷേപിച്ചത്. എന്നാൽ കാലവധി കഴിഞ്ഞ് പണം പിൻവലിക്കാനെത്തിയപ്പോഴാണ് രണ്ട് മാസമായി സ്ഥാപനം പൂട്ടികിടക്കുകയാണെന്ന വിവരം അറിയുന്നത്. കമ്പനി അധികൃതരുമായി ബന്ധപ്പെടാനും കഴിയാതെ വന്നതോടെയാണ് അർബുധ രോഗി കൂടിയായ വീട്ടമ്മ മൂന്നാർ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേ സമയം സമാനമായരീതിയിൽ മൂന്നാറിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് നിരവധി പേരിൽ നിന്ന് കമ്പനി നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.