മൂന്നാർ: പഴയ മൂന്നാർ ടൗണിലെ റോഡിൽ രൂപം കൊണ്ട കുഴികളും വെള്ളക്കെട്ടും വാഹനയാത്രികർക്കും കാൽനടയാത്രികർക്കും തലവേദനയാകുന്നു. ദേശിയപാത 85ൽ നിന്ന് മൂന്നാർ ലക്ഷ്മി റോഡ് ആരംഭിക്കുന്ന ഭാഗത്താണ് വെള്ളക്കെട്ടുള്ളത്. നാളുകളേറെയായെങ്കിലും പ്രശ്നപരിഹാരമില്ലെന്നാണ് പരാതി. മൂന്നാർ ടൗണിൽ ഏറ്റവുമധികം തിരക്കുള്ള ഭാഗങ്ങളിലൊന്നാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ദേശീയപാതയിൽ ലക്ഷ്മി റോഡ് സംഗമിക്കുന്നയിടം. നിരവധി വ്യാപാരശാലകളും റിസോർട്ടുകളും ഹോംസ്റ്റേകളും ഹോട്ടലുകളുമൊക്കെയുള്ള ഭാഗം കൂടിയാണിവിടം. വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ ഉൾപ്പെടെ ദിവസവും നിരവധി വാഹനങ്ങളും ഇതുവഴി കടന്നു പോകുന്നുണ്ട്. ഈ ഭാഗത്താണ് റോഡിൽ വലിയ കുഴികൾ രൂപം കൊണ്ട് വെള്ളം കെട്ടി കിടക്കുന്ന സ്ഥിതിയുള്ളത്. വാഹനങ്ങൾ പോകുമ്പോൾ കെട്ടികിടക്കുന്ന വെള്ളം യാത്രക്കാരുടെ മേൽ തെറിക്കുന്നത് പതിവാണ്. ഇത് വാക്ക് തർക്കത്തിന് ഇടവരുത്താറുണ്ട്. തിരക്കേറുന്നതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂപം കൊള്ളും. റോഡിലെ കുഴികളടച്ച് അടിയന്തര പ്രശ്നപരിഹാരം വേണമെന്നാണ് ആവശ്യം.