കട്ടപ്പന: ഭൂനിയമ ഭേദഗതി ചട്ടം യാഥാർഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് സംയുക്ത കർഷകസമിതി നാളെ വൈകിട്ട് 5ന് ജില്ലയിലെ മുഴുവൻ പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലും അഭിവാദ്യ പ്രകടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലയിലെ നിർമാണങ്ങൾ പട്ടയ വ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ച് ഹൈക്കോടതിയിൽ കേസ് നൽകിയത് മാത്യു കുഴൽനാടനന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് നേതാക്കളാണ്. ഇതിനെ തുടർന്നുണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 2018ൽ നിർമാണ നിരോധനം ഏർപ്പെടുത്തിയത്. ഇതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ പോയെങ്കിലും മുതിർന്ന അഭിഭാഷകനായ കോൺഗ്രസ് നേതാവ് പി. ചിദംബരം കേരളത്തിനെതിരെ വാദിക്കുകയും സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവയ്ക്കുകയുമായിരുന്നു. കോൺഗ്രസ് ചോദിച്ചുവാങ്ങിയ ഈ കർഷക വിരുദ്ധ വിധിയെ മറികടക്കാനാണ് എൽ.ഡിഎ.ഫ് സർക്കാർ 2023 സെപ്തംബർ 14ന് ഭൂ നിയമ ഭേദഗതി ബിൽ അവതരിപ്പിച്ച് പാസാക്കിയത്. ബിൽ പാസാക്കിയെങ്കിലും ബില്ലിൽ ഗവർണർ ഒപ്പിടാതിരിക്കാൻ ജില്ലയിൽ നിന്നുള്ള ചില അരാഷ്ട്രീയ സംഘടനകളും യു.ഡി.എഫും ശ്രമിച്ചെന്നും നേതാക്കൾ പറഞ്ഞു. ഇക്കാര്യത്തിൽ രാഷ്ട്രീയമായി ഇടതുപക്ഷ മുന്നണിക്ക് ഉണ്ടാകുന്ന ജനപ്രീതിയിൽ വിറളിപൂണ്ട കോൺഗ്രസ് നടത്തുന്ന ജൽപനങ്ങൾ ജനങ്ങൾ തള്ളിക്കളയുമെന്നും സംയുക്ത കർഷക സമിതി ചെയർമാൻ മാത്യു വർഗീസ്, കൺവീനർ റോമിയോ സെബാസ്റ്റ്യൻ, നേതാക്കളായ ജോയി വടക്കേടത്ത്, ബിജു ഐക്കര, മാത്യു ജോർജ്ജ്, കെ. എൻ വിനീഷ് കുമാർ എന്നിവർ പറഞ്ഞു.