കട്ടപ്പന: വന്യജീവി സംരക്ഷണ നിയമം (കേരളം) ഭേദഗതിയുടെ കരട് ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയതോടെ മലയോര കർഷകരുടെ ഏറ്റവും വലിയ പ്രശ്നത്തിനാണ് പരിഹാരമായതെന്ന് കേരള കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ. പട്ടിക രണ്ടിലെ വന്യമൃഗത്തിന്റെ എണ്ണം അനിയന്ത്രിതമായി വർദ്ധിച്ചാൽ അവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്രസർക്കാരിനാണ് അധികാരം. എന്നാൽ ഈ ബില്ലിലൂടെ സംസ്ഥാന സർക്കാരിന് അധികാരം ലഭ്യമാകും. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഇവയെ ആർക്കു വേണമെങ്കിലും ഏതുവിധത്തിലും കൊല്ലുന്നതിനും അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസമുണ്ടാകില്ല.കേന്ദ്രനിയമ ഭേദഗതിക്കുവേണ്ടി പാർലമെന്റിൽ ഒന്നും മിണ്ടാതെ വന്യജീവി ആക്രമണം തടയാൻ സംസ്ഥാന സർക്കാർ ഇടപെടുമ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഷ്ട്രീയ തിമിരം ബാധിച്ചതുമൂലമാണെന്ന് കർഷകർ തിരിച്ചറിയുമെന്നും കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി മാത്യു ജോർജ്, കട്ടപ്പന ഏരിയ സെക്രട്ടറി കെ എൻ വിനീഷ് കുമാർ എന്നിവരും പറഞ്ഞു.