ചെറുതോണി: ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കോൺഗ്രസ് നടപ്പിലാക്കിയ ഏറ്റവും കർഷക വിരുദ്ധമായ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്ത് ജനങ്ങളെ രക്ഷിക്കാൻ തയ്യാറായ പിണറായി സർക്കാരിന് മലയോര ജനതയുടെ അഭിവാദ്യം അർപ്പിക്കുന്നതായി സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ്. മനുഷ്യ വന്യജീവി സംഘർഷത്തിന്റെ ഏറ്റവും വലിയ കെടുതികൾ നേരിടുന്ന ജില്ലയ്ക്കാണ് സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമത്തിന്റെ കൂടുതൽ പ്രയോജനം ലഭിക്കുക. വനാതിർത്തി പങ്കിടുന്ന മേഖലകളിലെ ലക്ഷക്കണക്കായ മനുഷ്യർക്ക് നിർഭയമായി ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് സർക്കാർ നിർവ്വഹിക്കുന്നത്. 1970ൽ സ്റ്റോക്ക് ഹോം കൺവെൻഷനിൽ പങ്കെടുത്ത ശേഷം തിരിച്ച് ഇന്ത്യയിലെത്തിയ ഇന്ദിരാഗാന്ധി വിദേശ ഫണ്ട് ലക്ഷ്യമിട്ട് രാജ്യമൊട്ടുക്ക് കടുവ സങ്കേതങ്ങൾ ആരംഭിക്കുകയായിരുന്നു. തേക്കടി പെരിയാർ കടുവ സങ്കേതവും അന്ന് ആരംഭിച്ചാണ്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള വനവത്കരണ ഫണ്ട് ലക്ഷ്യമാക്കി 1972ൽ വന്യജീവി സംരക്ഷണ നിയമവും 1980ൽ വനസംരക്ഷണ നിയമവും രാജ്യത്താകെ നടപ്പാക്കി. മനുഷ്യ ജീവന് ഒട്ടും വില നൽകാതെ വന്യജീവികളെ സംരക്ഷിക്കാനും ഫണ്ട് കൈവശപ്പെടുത്താനുമാണ് കോൺഗ്രസ് ഭരണകൂടം കിരാതമായ ഈ നിയമം അടിച്ചേൽപ്പിച്ചത്. ഈ നിയമം നിലനിൽക്കെ അക്രമകാരികളായ വന്യജീവികൾ 1500 ലധികം പേരെ കൊന്നു. വന്യജീവി സംരക്ഷണ നിയമം, വന സംരക്ഷണ നിയമം തൊട്ടുപുറകെ പരിസ്ഥിതി സംരക്ഷണ നിയമം തുടങ്ങി ഒന്നൊന്നായി ജനങ്ങളെ ആട്ടിപ്പായിക്കുന്ന നിയമങ്ങൾകൊണ്ട് വരിഞ്ഞുമുറുക്കുകയാണ് കോൺഗ്രസ് ചെയ്തത്. ഇതിന്റെ തുടർച്ചയായി ജയറാം രമേശ് വനം പരിസ്ഥിതി മന്ത്രിയായിരിക്കെ നിർബന്ധിത കുടിയിറക്കും വനവത്കരണവും ലക്ഷ്യമിട്ട് ഗാഡ്ഗിൽ കസ്തൂരി രംഗൻ കമ്മിഷനുകളെ മലയോര ജനതയ്ക്കുമേൽ അടിച്ചേൽപ്പിച്ചു. വനാതിർത്തികൾക്ക് ചുറ്റും ജനവാസം പാടില്ലെന്ന ബഫർസോൺ നിയമം കൊണ്ടുവന്നു. ഇത്തരത്തിൽ പതിറ്റാണ്ടുകളായി കോൺഗ്രസ്സ് കർഷകർക്കെതിരായി ആടിത്തിമിർത്ത ജനവിരുദ്ധ നാടകത്തിന് അറുതി വരുത്തിയാണ് പിണറായി സർക്കാർ പുതിയ നിയമം തന്നെ കൊണ്ടുവരുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു.