
തൊടുപുഴ: ജില്ലയിലെ മികച്ച 12 ഹരിത കേരളം പച്ചത്തുരുത്തുകൾക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം. ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാര ദാനം നടത്തും. തദ്ദേശഭരണ സ്ഥാപനങ്ങൾ, ഹരിതസ്ഥാപനങ്ങൾ, ഹരിത കോളേജുകൾ (കലാലയങ്ങൾ), ഹരിത വിദ്യാലയങ്ങൾ എന്നീ വിഭാഗത്തിൽ നിന്ന് ജില്ലാ തല സ്‌ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്ത പച്ചത്തുരുത്തുകൾക്കാണ് പുരസ്‌കാരം നൽകുന്നത്. മികച്ച ഹരിത സ്ഥാപനത്തിന്റെ പച്ചത്തുരുത്തിനുള്ള പുരസ്‌കാരം മുട്ടത്തെ ജില്ലാ കോടതിയുടേതിനാണ്. സഹ്യദർശിനി പച്ചത്തുരുത്ത് (നെടുങ്കണ്ടം പഞ്ചായത്ത്), കാഞ്ഞാർ പച്ചത്തുരുത്ത് (വെള്ളിയാമറ്റം), അമൃതവാടി പച്ചത്തുരുത്ത് (അറക്കുളം), പുഴയോരം കൈപ്പ പച്ചതുരുത്ത് (കുടയത്തൂർ), കൊച്ചുതോവാള അങ്കണവാടി പച്ചത്തുരുത്ത് (കട്ടപ്പന നഗരസഭ) എന്നിവയാണ് മികച്ച തദ്ദേശ സ്ഥാപന പച്ചത്തുരുത്തുകൾ. തൊടുപുഴ ന്യൂമാൻ കോളേജ് ,പാവനാത്മ കോളേജ് മുരിക്കാശ്ശേരി, നാടുകാണി ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയാണ് മികച്ച കലാലയ പച്ചത്തുരുത്തുകൾ. മുണ്ടിയെരുമ ഗവ. എച്ച്.എസ്.എസ്, ചിത്തിരപുരം ഗവ.എച്ച്.എസ്, കൊന്നത്തടി ഗവ. എൽ.പി.എസ് എന്നീ ഹരിത വിദ്യാലയപച്ചത്തുരുത്തുകൾക്കും മികവിനുള്ള അംഗീകാരം ലഭിച്ചു. ജില്ലയിലാകെ 109 പച്ചത്തുരുത്തുകളാണുള്ളത്. ഫലവൃക്ഷങ്ങളും മറ്റും നട്ട് സ്വാഭാവിക ചെറുവനങ്ങൾ രൂപപ്പെടുത്തുകയാണ് ഹരിതകേരളം പച്ചത്തുരുത്ത് പദ്ധതി. 2019ൽ തുടക്കമിട്ട പദ്ധതിയിലാകെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലായി 43ഏക്കർ ഭൂമിയിലാണ് പച്ചത്തുരുത്തുള്ളതെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ അറിയിച്ചു.