അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മച്ചിപ്ലാവ് വെസ്റ്റ് എ.ഡി.എസിന്റെ വാർഷികാഘോഷം നടന്നു. പഞ്ചായത്തംഗം റൂബി സജി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ അംഗങ്ങളുടെയും ബാലസഭാ കുട്ടികളുടെയും വിവിധ കലാപരിപാടികളും വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മുതിർന്ന അംഗത്തേയും 25 വർഷം പൂർത്തിയാക്കിയ അയൽകൂട്ട സംഘങ്ങളേയും ചടങ്ങിൽ അനുമോദിച്ചു. എ.ഡി.എസ് പ്രസിഡന്റ് അമ്മിണി ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ജിഷ സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. മേഴ്സി പൗലോസ്, സിനി രാജേഷ്, സുദിനി വിജയൻ, ലീലാമ്മ ബെന്നി, റെയ്ച്ചൽ സജി, അമ്മിണി കുഞ്ഞ്, അമ്പിളി രഞ്ചിത്ത്, മിനി വിജയൻ, ഷേർളി തുടങ്ങിയവർ പ്രസംഗിച്ചു.