തൊടുപുഴ: പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ മർദ്ദിച്ചതായ പരാതിയിൽ സീനിയർ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥിയായ ഉണ്ട പ്ലാവ് സ്വദേശി അൽ അമീൻ (18) നെയാണ് ഞായറാഴ്ച സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കെതിരായ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ സർക്കാർ സ്‌കൂളിൽ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ക്ലാസിൽ അദ്ധ്യാപകരില്ലാതിരുന്ന സമയത്ത് സീനിയർ വിദ്യാർത്ഥി സുഹൃത്തുക്കൾക്കൊപ്പം ക്ലാസിൽ കയറി മർദ്ദിച്ചതായാണ് പരാതി. സംഭവത്തിലെ മനോവിഷമം മൂലം കുട്ടി സ്‌കൂളിൽ പോകാതിരുന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മർദ്ദനത്തിനിരയായ കുട്ടിയുടെ മാതാവ് തൊടുപുഴ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടർ നടപടികൾ.