തൊടുപുഴ: നഗര പരിധിയിൽ തെരുവുവിളക്കുകൾ മിഴിയടഞ്ഞിട്ട് മാസങ്ങൾ പിന്നിട്ടിട്ടും തുടർ നടപടികൾക്ക് ഒച്ചിഴയുന്ന വേഗം മാത്രം. എട്ടു മാസത്തോളമായി പ്രശ്നം രൂക്ഷമായി തുടരുന്നു. കേടായ ബൾബുകൾ മാറി പുതിയവ ഇടുന്നതിനായി കരാർ നൽകിയിരുന്നെങ്കിലും എല്ലാ വാർഡുകളിലും ഒറ്റത്തവണ മാത്രമാണ് എത്തിയതെന്ന് നാട്ടുകാരും കൗൺസിലർമാരുമടക്കം ആരോപിക്കുന്നു. കരാറുകാരൻ സമയബന്ധിതമായി ജോലി നിർവഹിക്കാത്തതാണ് കാരണം. നഗരത്തിലെ 35 വാർഡുകളിലായി ഏകദേശം ഏഴായിരത്തിലധികം തെരുവ് വിളക്കുകളുണ്ട്. ഇവയിൽ മിക്കയവയും മിഴിയടിച്ചിട്ട് മാസങ്ങളായി. ആവശ്യത്തിന് ഫണ്ട് ഇല്ലാത്തതിനാൽ ലൈറ്റുകൾ മാറ്റുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി 42 ലക്ഷത്തോളം രൂപ അനുവദിച്ചതാണെങ്കിലും പ്രയോജനമില്ലാത്ത അവസ്ഥയാണ്. ഈ ഫണ്ട് ഉപയോഗിച്ച് മാറ്റിയിടുന്ന ബൾബുകൾ കേടായാൽ രണ്ട് വർഷത്തേക്ക് മാറ്റേണ്ട ചുമതല കരാറുകാരനാണ്. ഇതിനായി രണ്ടാമത് ഫണ്ട് അനുവദിക്കില്ല. അറ്റകുറ്റപ്പണികൾ നടത്തുന്നതിനും നന്നാകാത്ത വിളക്കുകൾ മാറ്റി പുതിയത് സ്ഥാപിക്കാനുമാണ് കരാർ നൽകുന്നത്. ഇത്തരത്തിൽ മുമ്പ് ഒരു തവണ വിളക്കുകൾ മാറ്റിയതല്ലാതെ തുടർ നടപടിയില്ല. കഴിഞ്ഞ വർഷം തെരുവുവിളക്കുകൾ അണഞ്ഞതോടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കരാറുകാർ ഗുണനിലവാരം കുറഞ്ഞ ബൾബുകളും മറ്റും ഉപയോഗിക്കുന്നതാണ് കേടാവുന്നതിന് കാരണമെന്നും ആക്ഷേപമുണ്ട്. അന്ന് പല കൗൺസിലർമാരും സ്വന്തം കൈയിൽ നിന്ന് പണം മുടക്കിയാണ് ബൾബുകൾ മാറ്റി സ്ഥാപിച്ചത്.

ദുരിതം ജനത്തിന്

തെരുവ് വിളക്ക് തെളിയിക്കാത്തതിന്റെ ദുരിതം പേറുന്നത് ജനങ്ങളാണ്. പ്രധാന വീഥികളിലും ഇടറോഡുകളിലും രാത്രി സമയങ്ങളിൽ സഞ്ചരിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമായിട്ടുണ്ട്. സ്ത്രീകളടക്കമുള്ളവ‌ർ ജോലി കഴിഞ്ഞും പഠനം കഴിഞ്ഞും വീട്ടിലേക്ക് പോകാൻ ബസ് കാത്ത് നിൽക്കുന്നതും മറ്റും ഭയപ്പാടോടെയാണ്. റോഡുകളിൽ പലയിടത്തും തെരുവ് നായ്ക്കൾ കൈയടക്കുന്നതിനാൽ കാൽനട യാത്രക്കാർ ഭയത്തിലാണ്. ഇരുട്ടിലൂടെ സഞ്ചരിക്കുമ്പോൾ ചീറി പായുന്ന വാഹനങ്ങൾ ഇടിച്ചിടുമോയെന്ന ആശങ്ക കാൽനടക്കാർക്കുമുണ്ട്. ഇതിന് പുറമേ ഇഴജന്തുക്കളുടെ ശല്യം വേറെയും.

''കേടായ ബൾബുകൾ മാറ്റുന്നതിനും വൈദ്യുതി തൂണുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനും ആവശ്യമായ നടപടികൾ വേഗത്തിലാക്കും. പരിപാലനത്തിന് കൂടുതൽ പണം അനുവദിക്കുന്നത് സംബന്ധിച്ച് ചെയർമാനും സെക്രട്ടറിയും അടക്കമുള്ളവരുമായി ഉടൻ ചർച്ച നടത്തും.""

-വി.ഡി. വിനോദ് (നഗരസഭ അസി. എക്സി എൻജിനിയർ)