തൊടുപുഴ: ഒക്ടോബർ അഞ്ച് മുതൽ 11 വരെ ഗുരുവായൂരിൽ നടത്തുന്ന വൈകുണ്ഠാമൃതം നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി ജില്ലാ നാരായണീയ മഹോത്സവ സമിതി മുതലിയാർ മഠം ക്ഷേത്രത്തിൽ 19, 20 തീയതികളിൽ നാരായണീയ സത്രം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 19ന് രാവിലെ എട്ടിന് ലളിതസഹസ്രനാമ പാരായണം, വിഷ്ണുസഹസ്രനാമ പാരായണം എന്നിവ ആരംഭിക്കും. ഉച്ചയ്ക്ക് പ്രസാദഊട്ടും രണ്ടിന് ഇടവെട്ടി കൃഷ്ണ ഭജൻസ് നടത്തുന്ന ഭജനമഞ്ജ രിയും ഉണ്ടാകും. വൈകിട്ട് നാലിന് സത്രത്തിൽ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളെയും ആചാര്യനെയും വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ എതിരേൽക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് സത്രത്തിന്റെ ഉദ്ഘാടനം യോഗക്ഷേമസഭ സംസ്ഥാന അദ്ധ്യക്ഷൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് നിർവ്വഹിക്കും. സത്രാചാര്യൻ പാലക്കാട് നാരായണീയ ഗുരുവായൂരപ്പ ആശ്രമം മഠാധിപതി ഹരിശരണാർത്ഥി പെരിങ്ങര കേശവൻ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും. നയനം നാരായണീയം പ്രൊജക്ടിന്റെ ഉദ്ഘാടനം അഖില ഭാരത നാരായണീയ സമിതി ദേശീയ ജനറൽ സെക്രട്ടറി ഹരി മേനോൻ എം. നിർവ്വഹിക്കും. സക്ഷമ സംസ്ഥാന ജോയിന്റ് സെക്രട്ടറി അജിത്ത് എൻ. നേത്രദാന സമ്മതപത്രം ഏറ്റുവാങ്ങും. സാന്ത്വനം നാരായണീയം ഉദ്ഘാടനം അഖില ഭാരത നാരായണീയ ദേശീയ അദ്ധ്യക്ഷൻ സി. മോഹൻദാസ് ദീനദയ പാലിയേറ്റീവ് സെന്ററിന്റെ കോർഡിനേറ്റർ ലതികാമ്മയ്ക്ക് നൽകി നിർവ്വഹിക്കും, ഭവനം നാരായണീയം പദ്ധതി കൃഷ്ണകൃപ സത്സംഗ സമിതി ചെയർമാൻ കെ. വിജയൻ നിർവ്വഹിക്കും. ശബരിമല അയ്യപ്പസേവാ സമാജം ദേശീയ സമിതിയംഗം സ്വാമി അയ്യപ്പദാസ് ആശംസയർപ്പിക്കും. തുടർന്ന് നാട്യം സ്‌കൂൾ ഓഫ് ഡാൻസ് നടത്തുന്ന ഗോപികാനൃത്തവും അന്നദാനവും. 20ന് രാവിലെ ആറിന് തന്ത്രിമുഖ്യൻ ജ്യോതിഷ വാചസ്പതി എം. ലാൽപ്രസാദ് ഭട്ടതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യഗണപതി ഹോമം. തുടർന്ന് എട്ടിന് ലളിതസഹസ്രനാമ പാരായണവും വിഷ്ണുസഹസ്രനാമ പാരായണവും. 9.30 മുതൽ നാരായണീയ മാഹാത്മ്യപ്രഭാഷണം ആചാര്യൻ ഹരിശരണാർത്ഥി പെരിങ്ങര കേശവൻ നമ്പൂതിരി നടത്തും. ഉച്ചയ്ക്ക് ഒന്നിന് പ്രസാദഊട്ടും രണ്ട് മുതൽ ഗോപികാസംഗമവും. നാലിന് സമാപന സമ്മേളനം സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. അഖില ഭാരത നാരായണീയ സമിതി സംഘടനാ സെക്രട്ടറി ഐ.ബി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. സമിതി ഫിനാൻസ് കൺവീനർ ആർ. നാരായണപിള്ള ആശംസാപ്രസംഗം നടത്തും. തുടർന്ന് നാരായണീയ പാരായണം പഠിപ്പിക്കുന്ന ആചാര്യന്മാരെ ആദരിക്കും. ആറിന് സത്രം സമാപനം. ഫോൺ: ഫോൺ: 8136987901, 9496308308. അഖില ഭാരത നാരായണീയ മഹോത്സവ സമിതി ജില്ലാ സമിതി ചെയർമാൻ എസ്. സത്യകുമാർ, വർക്കിംഗ് ചെയർമാൻ എസ്. പത്മഭൂഷൺ, ജനറൽ കൺവീനർ ഷാജി കെ. നായർ, മുതലിയാർമഠം മഹാദേവ ക്ഷേത്രസമിതി പ്രസിഡന്റ് സുരേഷ്‌കുമാർ, സെക്രട്ടറി ജിതേഷ് ഇഞ്ചക്കാട്ട്, ജോയിന്റ് സെക്രട്ടറി ടി.എസ്. കൃഷ്ണകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.