ഇടുക്കി: യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാരം ലഭ്യമാക്കുന്നതിന് ഇടപെടുമെന്ന് യുവജന കമ്മീഷൻ അദ്ധ്യക്ഷൻ എം.ഷാജർ. യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ വിവിധ പദ്ധതികളും ലഹരിക്കെതിരായി യുവജനങ്ങൾക്ക് പ്രാധാന്യമുള്ള ഇടങ്ങൾ കേന്ദ്രീകരിച്ച് നിരവധി ക്യാമ്പയിനുകളും നടപ്പിലാക്കി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന യുവജന കമ്മിഷൻ ജില്ലാതല അദാലത്തിൽ 21 പരാതികൾ പരിഗണിച്ചു. 11
പരാതികൾ പരിഹരിച്ചു. 10 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റിവെച്ചു. പുതിയതായി നാല് പരാതികൾ ലഭിച്ചു.
ജോലിയിൽ നിന്ന് അന്യായമായി പിരിച്ചു വിട്ടത്, വിദേശ തൊഴിൽ തട്ടിപ്പ്, സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ, ഭൂമി തരംമാറ്റൽ, വിദ്യാഭ്യാസലോൺ, സ്വകാര്യസ്ഥാപനത്തിലെ ശമ്പളം തടഞ്ഞുവെക്കൽ, എം.ജി. സർവകലാശാല ഡിഗ്രി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച്, ഗാർഹിക പീഡനം തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരാതികൾ ലഭിച്ചത്. ഇതിൽ പൊലീസ് കേസ് എടുക്കേണ്ട പരാതികൾ പൊലീസിന് കൈമാറി.
അദാലത്തിൽ കമ്മീഷൻ അംഗം വിജിത പി.സി, അഡ്മിനിട്രേറ്റീവ് ഓഫീസർ കെ. ജയകുമാർ, അസിസ്റ്റന്റ് ഓഫീസർ അഭിഷേക് പി. എന്നിവരും പരാതികൾ കേട്ടു.