microvevu
മൈക്രോവേവ് മലയിൽ നിന്നുള്ള കാഴ്ചകൾ

ഇടുക്കി: അധികം സഞ്ചാരികൾ എത്തിച്ചേരാത്ത, കോടമഞ്ഞ് അരിച്ചിറങ്ങുന്ന പച്ചപുതച്ച മലനിരകളിലൂടെ കണ്ണോടിച്ചാൽ മനസിന് കുളിരേകുന്ന കാഴ്ചകൾ കാണാം. പൈനാവിലെ മൈക്രോവേവ് വ്യൂ പോയിന്റ് അത്തരമൊരു മറഞ്ഞിരിക്കുന്ന സൗന്ദര്യമാണ്. പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന ഈ പ്രദേശം ഇപ്പോൾ സഞ്ചാരികൾക്ക് പുതിയൊരനുഭവമായി മാറിക്കൊണ്ടിരിക്കുന്നു. വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാണിത്. വിനോദസഞ്ചാരികൾ മാത്രമല്ല, സേവ് ദ ഡേറ്റ് പോലുള്ള ഫോട്ടോ ഷൂട്ടിനായും പിറന്നാൾ പോലുള്ള ആഘോഷങ്ങൾക്കായും ഈ സ്ഥലം ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്.

മനോഹരമായ ദൂരക്കാഴ്ചകളുടെ ഇടം.

മൈക്രോവേവ് വ്യൂ പോയിന്റിൽ നിന്ന് നോക്കുമ്പോൾ കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന കാഴ്ചകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. മലയിടുക്കുകളിലേക്ക് മറയുന്ന സൂര്യന്റെ അസ്തമയക്കാഴ്ചയാണ് ഈ വ്യൂ പോയിന്റിനെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.

=വർണ്ണങ്ങൾ വാരിവിതറിയ മേഘങ്ങൾക്കിടയിലൂടെ പതിയെ താഴ്വരകളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂര്യൻ..പഞ്ഞിക്കെട്ടുകൾ പോലെ ഒഴുകി നീങ്ങുന്ന മേഘങ്ങൾ.. സൂര്യരശ്മികൾ ഈ മേഘങ്ങളിൽ തട്ടുമ്പോൾ സ്വർണ്ണവർണ്ണം പൂശി, ആ കാഴ്ചയെ വാക്കുകൾക്കതീതമായ ഒരു അനുഭവമാക്കി മാറ്റി കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണിവിടം..

പ്രകൃതിയൊരുക്കുന്ന മനോഹരമായ ഈ കാഴ്ചകളിൽ ഇന്ത്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമായ ഇടുക്കി ഡാമിന്റെ വിശാലമായ ജലാശയം ഇവിടെ നിന്ന് നോക്കിയാൽ കാണാം. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഉൾപ്പെടെയുള്ള ചൊക്രമുടി, പാൽക്കുളം മേട്, തോപ്രാംകുടി ഉദയഗിരി മലനിരകളുടെ വർണനാതീതമായ കാഴ്ച, മലമുകളിൽ നിന്നുള്ള കാഴ്ചകളാൽ പ്രശസ്തമായ കാൽവരി മൗണ്ട് മലനിരകൾ, തുടങ്ങിയവ ഈ സ്ഥലത്തിന്റെ ആകർഷണീയത വർദ്ധിപ്പിക്കുന്നു. കൂടാതെ ഗ്യാപ് റോഡ്, പള്ളിവാസൽ, വെള്ളത്തൂവൽ സർജ്ജ്, പൂപ്പാറ, കള്ളിപ്പാറ, തുടങ്ങിയ പ്രശസ്തമായ മിക്കയിടങ്ങളും ഇവിടെ നിന്ന് നോക്കിയാൽ കാണാൻ സാധിക്കും. ചുറ്റുമുള്ള പച്ചപ്പിന്റെ വന്യസൗന്ദര്യവും കാടിന്റെ നിഗൂഢതയും നിങ്ങളെ വിസ്മയിപ്പിക്കും. ഒപ്പം, ഭാഗ്യമുണ്ടെങ്കിൽ കാടിന്റെ വന്യതയിൽ മേഞ്ഞു നടക്കുന്ന ആന, കുരങ്ങ്, കേഴ, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങളെയും നിങ്ങൾക്ക് കാണാൻ സാധിക്കും. പ്രകൃതിയെ സ്‌നേഹിക്കുന്നവർക്ക് വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത ഒരു അനുഭവമായിരിക്കും ഇവിടുത്തെ ഓരോ കാഴ്ചയും.

സന്ദർശന സമയം,

പ്രവേശന നിരക്ക്

രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഇവിടെ പ്രവേശനം അനുവദിച്ചിട്ടുള്ളത്. മുതിർന്നവർക്ക് 40 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പ്രവേശന നിരക്ക്. സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി വേലിയും നിർമ്മിച്ചിട്ടുണ്ട്. 15 പേരടങ്ങിയ ജീവനക്കാരുടെ സംഘമാണ് ഈ സ്ഥലം പരിപാലിക്കുന്നത്. അവരിൽ മൂന്നു പേർ വീതം ഓരോ ദിവസവും സഞ്ചാരികളെ സഹായിക്കാൻ ഇവിടെയുണ്ടാകും.

എങ്ങനെ എത്താം

തൊടുപുഴ -ചെറുതോണി സംസ്ഥാനപാതയിൽ കുയിലിമല സിവിൽ സ്റ്റേഷനും പൈനാവിനും ഇടയിലുള്ള ജില്ലാ പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇ.എം.ആർ.എസ് സ്‌കൂളിന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും ഇടയിലുള്ള ഓഫ് റോഡിനെ അനുസ്മരിപ്പിക്കുന്ന വഴിയിലൂടെ സഞ്ചരിച്ചാൽ ഈ മനോഹരമായ സ്ഥലത്തെത്താം. യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഒരൽപ്പം സാഹസികത കൂടി അനുഭവിക്കാൻ ഈ വഴിയിലൂടെയുള്ള യാത്ര സഹായിക്കും.