ഹാജരാകാത്ത ഉദ്യോഗസ്ഥരുടെ വിവരം റിപ്പോർട്ട് ചെയ്യാൻ ആവശ്യം
തൊടുപുഴ: തൊടുപുഴ താലൂക്ക് വികസന സമിതി യോഗത്തിൽ ഹാജറാകാത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കളക്ടർക്ക് റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യവുമായി വികസന സമിതി അംഗങ്ങൾ. പല വകുപ്പുകളുടെയും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ വികസന സമിതിയിൽ ഹാജരാകാത്തത് പ്രതിഷേധാർഹമാണെന്നും. അടുത്ത വികസന സമിതിയിൽ ഇവർ നിർബന്ധമായും പങ്കെ ടുക്കുന്നതിന് ആവശ്യമായ നടപടികൾ വികസന സമിതി കൺവീനർ എന്ന നിലയിൽ തഹസിൽദാർ സ്വീകരിക്കണമെന്നുമാണ് അംഗങ്ങളുടെ ആവശ്യം.സ്ഥിരമായി ഹാജരാകാത്ത വകുപ്പുകളുടെ വിവരങ്ങൾ ജില്ലാ കളക്ടർക്ക് നിർബന്ധമായും റിപ്പോർട്ട് ചെയ്യണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മുൻസിപ്പൽ ചെയർമാൻ കെ. ദീപക്കും ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി വണ്ണപ്പുറം പഞ്ചായത്ത് മോഷ്ടാക്കളുടെ വിഹാര കേന്ദ്രമാണ്. കാളിയാർ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വണ്ണപ്പുറത്തെ മോഷ്ടാക്കളെ പിടികൂടുവാൻ കഴിയാത്തത് പ്രതിഷേധാർഹമാണ്. പൊലീസ് ഇപ്പോഴും പ്രതികളെ കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് എന്നും ആർ. എസ്.പി (ലെനിനിസ്റ്റ്) ജില്ലാ സെക്രട്ടറി എ.ആർ രതീഷ് ആരോപിച്ചു. നഗരത്തിലെ തെരുവ് നായ ശല്യം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുട്ടം ഹെൽത്ത് സെന്ററിന് പുറകിലുള്ള കുളം മൂടുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി വിഷയത്തിൽ കോടതിയിൽ നിന്ന് ലഭ്യമായ സ്റ്റേ ഓഡറുമായി നേരിട്ട് താലൂക്ക് വികസന സമതിയിൽ മറുപടി പറയുന്നതിന് എത്താതിരുന്നതിൽ വികസന സമിതി പ്രതിഷേധം രേഖപ്പെടുത്തി. നഗരത്തിലെ ഗതാഗതക്കുരുക്കും ജില്ലാ ആശുപത്രിയിലെ ശോചനീയാവസ്ഥയെ സംബന്ധിച്ചതും അടക്കമുള്ള നിരവധി ജനകീയ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ ആവശ്യപ്പെട്ടു. മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഭൂരേഖ തഹസിൽദാർ എ.ആർ അനീഷ് സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി തഹസിൽദാർ എസ്.ഷൈനി മോൾ, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.