കട്ടപ്പന: എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.എം.എസ് പഞ്ചായത്ത്തല പദയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഒക്ടോബർ 14 വരെ കേരളത്തിലെ മുഴുവൻ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ വാർഡുകളിലും രാവിലെ മുതൽ വൈകിട്ട് വരെ പദയാത്രകൾ ജനസമ്പർക്ക പരിപാടിയായി മാറ്റുമെന്ന് ഭാരവാഹികൾ അറിയിച്ചു. പിന്നീട് മേഖലാതലത്തിലും ജില്ലാതലത്തിലും പ്രചരണ ജാഥകളും സെക്രട്ടറിയറ്റിലേക്ക് തൊഴിലാളി മാർച്ചും സംഘടിപ്പിക്കും. വിലക്കയറ്റം തടയുക, ക്ഷേമനിധി/ ക്ഷേമപെൻഷൻ 6000 രൂപയായി വർധിപ്പിക്കുക, കുറഞ്ഞ വേതനം 27,900 രൂപയായി ഉയർത്തുക, മണൽ വാരൽ പുനരാരംഭിക്കുക, ചുമട്ടു തൊഴിലാളികളുടെ ജോലിയും കൂലിയും സംരക്ഷിക്കുക, ഭൂപ്രശനങ്ങൾക്ക് പരിഹാരം കാണുക, നിർമാണ നിരോധനം പിൻവലിക്കുക, സ്‌കീം വർക്കേഴ്സിനെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, മത്സ്യ തൊഴിലാളികൾക്കുള്ള ഭവനപദ്ധതി പുനരാരംഭിക്കുക, തോട്ടം തൊഴിലാളികൾക്ക് വീടുകൾ നിർമിച്ചുനൽകുക, തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുക, നെല്ലിന്റെ താങ്ങുവില സർക്കാർ നേരിട്ട് നൽകുക, തൊഴിലുറപ്പുതൊഴിലാളികൾക്ക് കേന്ദ്ര വിഹിതത്തിനു തുല്യമായ തുക സംസ്ഥാനവും നൽകുക, എട്ടുമണിക്കൂർ ജോലി സമ്പ്രദായം നിർബന്ധമാക്കുക, സമഗ്രമായ തൊഴിൽനയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പരിപാടിയെന്ന് ജില്ലാ സെക്രട്ടറി കെ.സി സിനീഷ്‌കുമാർ, വൈസ് പ്രസിഡന്റ് എസ്.ജി മഹേഷ്, ജില്ലാ സമിതിയംഗം പി.ഭുവനേന്ദ്രൻ എന്നിവർ പറഞ്ഞു.