
പീരുമേട്: വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഭീതിയിലാക്കി സ്‌കൂളിന് സമീപത്ത് എത്തിയ മൂർഖൻ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏലപ്പാറ ചെമ്മണ്ണ് സർക്കാർ സ്‌കൂളിന്റെ കൽക്കെട്ടിനുള്ളിൽ ഒളിച്ച മൂർഖൻ പാമ്പിനെയാണ് വനംവകുപ്പിന്റെ ആർ .ആർ .ടി ടീം പിടികൂടിയത്. തേയിലത്തോട്ടത്തിനുള്ളിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. ഇന്നലെ രാവിലെ സ്‌കൂളിൽ എത്തിയ അദ്ധ്യാപകരാണ് സമീപത്തെ തേയിലക്കാട്ടിൽ മൂർഖൻ പാമ്പിനെ കണ്ടത്. പാമ്പിനെ ഓടിച്ചു വിടാൻ ശ്രമിച്ചങ്കിലും സ്‌കൂളിന് സമീപത്തെ കൽക്കട്ടിനുള്ളിൽ പാമ്പ് കയറി ഒളിച്ചു. അപകടകരമായ സാഹചര്യം മനസ്സിലാക്കിയ അദ്ധ്യാപകർ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പീരുമേട് വനം വകുപ്പ് ഓഫീസിൽ നിന്നും ആർ.ആർ ടി ടീം സ്ഥലത്ത് എത്തി കൽക്കട്ട് പൊളിച്ചാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിടികൂടിയതോടെ അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ഭീതിഒഴിഞ്ഞു. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ ക്രിസ്റ്റോ ജോസഫ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മനോജ്,വിനു,രാംകി എന്നിവർ അടങ്ങുന്ന സംഘമാണ് പാമ്പിനെ പിടികൂടിയത്.