മൂന്നാർ: കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ യാത്രാ ദുരിതത്തിന് ഇനിയും പരിഹാരമാകാത്തതിനാൽ പനി ബാധിച്ച ഗൃഹനാഥനെ ആറ് കിലോമീറ്ററോളം ചുമന്ന ശേഷം ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ കൂടലാർ കുടിയിൽ മാലയപ്പനെയാണ് (64) കുടിക്കാർ ചേർന്ന് കൈയിൽ താങ്ങിയെടുത്ത് കാട്ടുവഴിയിലൂടെ ചുമക്കേണ്ടി വന്നത്. വാഹനസൗകര്യമുള്ള ആനക്കുളത്ത് എത്തിച്ച ശേഷം ആംബുലൻസിൽ മാങ്കുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇത് ആദ്യമായല്ല ഇടമലക്കുടിയിൽ നിന്ന് രോഗികളെ ചുമന്ന് മണിക്കൂറുകളോളം നടന്ന് ആദിവാസികൾ ആശുപത്രിയിലെത്തിക്കുന്നത്. ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 28 ഉന്നതികളാണുള്ളത്. സൊസൈറ്റിക്കുടിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും കൂടലാർ, മീൻകുത്തി തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് ഇവിടെയെത്തുന്നതിന് കാട്ടിലൂടെ ഏറെ ദൂരം നടക്കേണ്ടി വരും. അതിനാലാണ് ദൂരക്കുറവുള്ള മാങ്കുളം ആനക്കുളം ഭാഗത്തേക്ക് രോഗികളെ കൊണ്ടു പോകുന്നത്. ആഗസ്റ്റ് 23ന് കൂടലാർ കുടിയിൽ പനി ബാധിച്ച് അഞ്ചു വയസുകാരൻ മരിച്ചിരുന്നു. കുട്ടിയെ എടുത്തുകൊണ്ട് കാട്ടിലൂടെ നടന്ന് ആനക്കുളത്തെത്തിച്ചതിനുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഡ് പണി പാതിവഴിയിൽ നിലച്ചു
മൂന്നാറിൽ നിന്ന് സൊസൈറ്റിക്കുടി വരെ മാത്രമാണ് നിലവിൽ വാഹന സൗകര്യമുള്ളത്. തകർന്നു കിടക്കുന്ന ഈ റോഡിലൂടെ ഫോർവീൽ ഡ്രൈവ് ജീപ്പിൽ മാത്രമേ യാത്ര ചെയ്യാനാകൂ. റോഡിന്റെ കോൺക്രീറ്റ് ജോലികൾ നേരത്തെ തുടങ്ങിയിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ പിന്നീട് മുടങ്ങി. സൊസൈറ്റിക്കുടിയിൽ നിന്ന് മറ്റ് കുടികളിലേക്ക് കാൽനടയായി മാത്രമാണ് സഞ്ചരിക്കാനാവുക.