തൊടുപുഴ: ഭാഗ്യക്കുറികൾക്ക് 40ശതമാനം ജി.എസ്.ടി വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭാഗ്യക്കുറി സംരക്ഷണ സമിതി ഇന്ന് പ്രകടനവും ധർണയും നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.രാവിലെ 10.30ന് മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പ്രകടനം ആരംഭിച്ച് ഇൻകം ടാക്സ് ഓഫീസിന് മുമ്പിൽ സമാപിക്കും. ധർണ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.വി ശശി ഉദ്ഘാടനംചെയ്യും.
കേന്ദ്ര സർക്കാരിന്റെ പുതിയ നികുതിഘടന കേരളത്തിലെ രണ്ടുലക്ഷത്തോളം ലോട്ടറി തൊഴിലാളികളെ പട്ടിണിക്കിടും. നിലവിൽ ഒരു ടിക്കറ്റ് വിറ്റാൽ ഏജന്റിന് 8.50 രൂപയും വിൽപന തൊഴിലാളിക്ക് 7.35 രൂപയുമാണ് ലഭിക്കുന്നത്. എന്നാൽ പുതിയനികുതി വരുന്നതോടെ ഒരു ടിക്കറ്റിന് 3.35 രൂപ അധികനികുതി കൊടുക്കണം. . തൊഴിലാളികളെ കടക്കെണിയിലേക്ക് തള്ളിവിടുന്ന കേന്ദ്രസർക്കാരിന്റെ നികുതി നയങ്ങൾക്കെതിരെയാണ് ലോട്ടറി സംരക്ഷണ സമിതി സമരപ്രക്ഷോഭങ്ങൾ നടത്തുന്നത്. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, കെ.ടി.യു.സി.എം, കെ.എൽ.എ.എ, കെ.എൽ.വി.എസ്.യു, കെ.എൽ.ടി.എ, കെ.എൽ.എ.ഡബ്ല്യു.എ എന്നീ സംഘടനകളാണ് സമരത്തിൽ പങ്കാളികളാകുന്നത്. വാർത്താസമ്മേളനത്തിൽ ടി.ബി സുബൈർ, ജി .ഗിരീഷ്കുമാർ, അനിൽ ആനിക്കാട്ട്, ഗോപാലകൃഷ്ണൻ, സനൽ എന്നിവർ പങ്കെടുത്തു.