തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനം പ്രമാണിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് പള്ളിയുടെ പടം ഉപയോഗിച്ച് ഫ്ളക്സ് അടിച്ച് പ്രചരണം നടത്തിയതിനെ യു.ഡി.എഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി അപലിപിച്ചു. ദേവാലയത്തിന്റെ ചിത്രത്തിനോടൊപ്പം ബി.ജെ.പി പ്രാദേശിക നേതാക്കന്മാരുടെ പടം വച്ച് പള്ളി അങ്കണത്തിൽ കേക്ക് മുറിക്കുമെന്നും പ്രചരണം നടത്തിയിരുന്നു. ഇതിനെതിരെ പള്ളി വികാരിക്കും കൈക്കാരന്മാർക്കും പരസ്യപ്രസ്താവന നടത്തേണ്ടി വന്നു. ബി.ജെ.പിയുടെ ഫാസിസ്റ്റ് നയത്തിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ നടപടി. ഇത്തരം തരംതാണ രാഷ്ട്രീയ പ്രവർത്തനരീതി ബി.ജെ.പി അവസാനിപ്പിക്കണമെന്നും ചെയ്ത തെറ്റിന് പരസ്യമായി മാപ്പ് പറയണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ് കൺവീനർ എൻ.ഐ. ബെന്നി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. അശോകൻ, യു.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്, അപു ജോൺ ജോസഫ്, ബ്ലെയ്സ് ജി. വാഴയിൽ, ഷിബിലി സാഹിബ്, സുലൈമാൻ വെട്ടിക്കൽ, ടി.വി. പാപ്പു, അനിൽ പയ്യാനിക്കൽ, കൃഷ്ണൻ കണിയാപുരം, കെ.ജി. സജിമോൻ എന്നിവർ പ്രസംഗിച്ചു.