
കട്ടപ്പന :മലയോര ഹൈവേ നിർമാണത്തിനായി പാറയിൽ തമരടിച്ച് കെമിക്കൽ ഒഴിച്ചുവച്ചിരുന്ന ഭാഗത്തെ കല്ലുകൾ വാഹനങ്ങൾ കടന്നുപോകുന്നതിനിടെ റോഡിലേക്ക് പതിച്ചു. വൻ അപകടമാണ് ഒഴിവായത്. പീരുമേട് സ്വദേശി സഞ്ചരിച്ച കാർ ഈ ഭാഗത്തേക്ക് എത്തുന്നതിനു തൊട്ടുമുമ്പാണ് പാറക്കല്ലുകൾ റോഡിലേക്ക് പതിച്ചത്. ആലടിക്കും പരപ്പിനും ഇടയിൽ പാറമടക്കു സമീപം ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. റോഡിന്റെ മുകൾവശത്തെ തിട്ടയുടെ ഭാഗത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമാണം പുരോഗമിക്കുകയാണ്. ഈ നിർമാണം നടക്കുന്നതിനു മുകളിലുള്ള ഭാഗത്തെ കല്ലാണ് റോഡിലേക്ക് വീണത്. ഇതുസംബന്ധിച്ച് യാതൊരു മുന്നറിയിപ്പും ഇവിടെ ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാർ ആരോപിച്ചു.