 ചിത്തിരപുരം അപകടം സ്റ്രോപ്പ് മെമ്മോ അവഗണിച്ച് നിർമ്മാണം നടക്കുന്നതിനിടെ

മൂന്നാർ: ചിത്തിരപുരത്ത് മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പട്ടത് ക്ഷണിച്ചു വരുത്തിയ ദുരന്തം. അനധികൃതമായി റിസോർട്ട് നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നി‌ർമ്മാണം തുടരുന്നതിനിടെയായിരുന്നു ദുരന്തം. ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപം കൊച്ചി കുമ്പളങ്ങി സ്വദേശി ഷെറിൻ അനില ജോസഫിന്റെ ഉടമസ്ഥതയിലുള്ള മിസ്റ്റി വണ്ടേഴ്സ് എന്ന റിസോർട്ടാണ് അനധികൃതമായി നിർമ്മിച്ചുകൊണ്ടിരുന്നത്. വീട് നിർമ്മിക്കാനുള്ള അനുമതി വാങ്ങി റിസോർട്ട് നിർമ്മിക്കുന്നതിനിടെ ജനുവരി 17ന് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നിർമ്മാണം നിറുത്തി വയ്ക്കുകയും സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തതാണ്. എന്നാൽ പിന്നീട് കുറേ നാൾ നിർമ്മാണം നടന്നില്ല. അടുത്തിടെ വീണ്ടും അധികൃതരുടെ കണ്ണുവെട്ടിച്ച് നിർമ്മാണം ആരംഭിക്കുകയായിരുന്നു. റവന്യൂ വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയും ഇതിനുണ്ടായിരുന്നെന്നാണ് വിവരങ്ങൾ. ഇന്നലെ വൈകിട്ട് അനധികൃത നിർമ്മാണം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി മൂന്നാർ സ്പെഷ്യൽ തഹസിൽ സി.വി. ഗായത്രിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുന്നതിന് മിനിട്ടുകൾക്ക് മുമ്പായിരുന്നു ദുരന്തം. ഉടമയുടെ നിർദ്ദേശപ്രകാരം റിസോർട്ടിന്റെ സംരക്ഷണിഭിത്തിയുടെ നിർമ്മാണ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് ബൈസൺവാലി ഈന്തുംതോട്ടത്തിൽ ബെന്നി (43), ആനച്ചാൽ ശങ്കുപ്പടി കുഴിക്കാട്ടുമറ്റത്തിൽ രാജീവ് (കണ്ണൻ- 43) എന്നിവരാണ് മരിച്ചത്.

ഉടമയ്ക്കെതിരെ കേസെടുക്കും

റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് നിർമ്മാണം നടത്തി അപകടമുണ്ടാക്കിയതിന് റിസോർട്ട് ഉടമയ്ക്കെതിരെ പൊലീസ് കേസെടുക്കും. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം സംഭവത്തിൽ കേസെടുക്കാൻ ആവശ്യപ്പെട്ട് മൂന്നാർ സ്പെഷ്യൽ തഹസിൽദാർ സി.വി. ഗായത്രി വെള്ളത്തൂവൽ എസ്.എച്ച്.ഒയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അപകടം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് സ്പെഷ്യൽ തഹസിൽദാർ വിശദമായ റിപ്പോർട്ട് നൽകും.

മൂന്നാറിൽ

ശക്തമായ മഴ

കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ചൊവ്വാഴ്ച രാത്രി മുതൽ ദേവികുളം താലൂക്കിൽ ശക്തമായ മഴയാണ് പെയ്തത്. ഇന്നലെ ദുരന്തമുണ്ടാകുമ്പോഴും പ്രദേശത്ത് മഴയുണ്ടായിരുന്നു. രാത്രി വൈകിയും മൂന്നാറിലും പരിസര പ്രദേശങ്ങളിലും മഴ തുടരുകയാണ്.

അനധികൃത

നിർമ്മാണം വ്യാപകം

സ്റ്റോപ്പ് മെമ്മോ ലംഘിച്ചും നിയമപരമായ അനുമതിയില്ലാതെയും നടക്കുന്ന നിർമ്മാണങ്ങൾ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഏറെയുണ്ട്. പലതും പരാതി ലഭിച്ചാലും റവന്യൂ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ചില കെട്ടിടങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയാലും അധികൃതരുടെ തന്നെ ഒത്താശയോടെ നിർബാധം നിർമ്മാണം നടക്കും. കെട്ടിട നിർമ്മാണം പൂർത്തിയായാൽ ടൂറിസത്തിന്റെ പേരും പറഞ്ഞ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അനുമതി നേടിയെടുക്കുകയാണ് പതിവ്.