school
v

പീരുമേട്:1977ൽ പാമ്പനാർ ഗവ. യുപി സ്‌കൂളിലെ ഏഴാം ക്ലാസിൽ പഠിച്ച 60പേർ വീണ്ടും ഒത്തുകൂടി. 48 വർഷത്തിനുശേഷമായിരുന്നു ഈ പൂർവ്വ വിദ്യാർത്ഥി സംഗമം. വർഷങ്ങൾക്ക് ശേഷം എത്തുമ്പോൾ പലരും മുത്തച്ഛന്മാരും മുത്തശ്ശികളുമായി മാറിയിരുന്നു.പങ്കെടുത്തവരിൽ ഏറെപ്പേരും അവരുടെ ജീവിതപങ്കാളികളോടും മക്കൾക്കുമൊപ്പമാണ് എത്തിയത്. പരസ്പരം കണ്ടതോടെ ഏവരും സ്‌കൂൾ പഠന കാലത്തേക്ക് തിരിച്ചുപോയി. പഴയ ഏഴാം ക്ലാസുകാരനും ഏഴാം ക്ലാസ് കാരിയുമായി മാറി. കഥകൾ പറഞ്ഞും പാട്ടു പാടിയും ഡാൻസ് ചെയ്തും പഴയ കുട്ടിക്കാലത്തേക്ക് ഇവർ മടങ്ങുകയായിരുന്നു. അന്നത്തെ അദ്ധ്യാപകരായ ചെല്ലയ്യാ സാറും, സരോജിനി ടീച്ചറും, ആലീസ് ടീച്ചറും,മേരിക്കുട്ടി ടീച്ചറും, പൊന്നുതായി ടീച്ചറും ഒപ്പം കൂടി. ഇവർ അഞ്ചു പേരും ഹെഡ്മാസ്റ്രർമാരായാണ് വിരമിച്ചത്. സരോജിനി ടീച്ചറാകട്ടെ ഏറ്റവും നല്ല അദ്ധ്യാപികയ്ക്കുള്ള അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. സർക്കാർ സർവീസിൽ ഉൾപ്പെടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് ഏവരും. കൃഷിക്കാർ,തൊഴിലാളികൾ, ബാങ്ക് ഉദ്യോഗസ്ഥർ, പഞ്ചായത്ത് മെമ്പർമാർ, സിനിമാ തുടങ്ങിയ മേഖലകളിലുള്ളവർ. മറക്കാനാവാത്ത ചില സംഭവങ്ങൾ കൂടി ഒത്തുചേരലിൽ ഇവർ ഓർമിച്ചു. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി 1977 മാർച്ച് മാസത്തിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലാണ് റായ്ബറേലിയിൽ തോറ്റതും പിന്നീട് അടിയന്തിരാവസ്ഥ വന്നതും.. അതോടൊപ്പം തന്നെ അമരാവതി സമരനായകൻ എ.കെ.ജി 1977 മാർച്ച് ഇരുപത്തി രണ്ടിനാണ് മരിച്ചത്.പൂർവ്വവിദ്യാർഥി സംഗമം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ ഉദ്ഘാടനം ചെയ്തു. പി.റ്റി.എ. പ്രസിഡന്റ് സുനിൽ ആശംസ അർപ്പിച്ചു. അബ്ദുൽ കലാം ആസാദ് , എം.ഡി.ബാബു, എന്നിവർ രക്ഷാധികാരികളായും, എൻ.ജെ കുര്യൻ(പ്രസിഡന്റ്), പി.ജി പവിത്രൻ( സെക്രട്ടറി) മാർട്ടിൻ മാത്യു (വൈസ് പ്രസിഡന്റ്) മധുലാൽ ( ജോയിന്റ് സെക്രട്ടറി), മേഴ്സി ഗബ്രിയേൽ (ട്രഷറർ )എന്നിവർ ഭാരവാഹികളായ കമ്മിറ്റിയും രൂപീകരിച്ചു.