കട്ടപ്പന: മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരും വനം വകുപ്പും ചേർന്ന് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസിന് കീഴിൽ ഹെൽപ്പ് ഡെസ്‌ക് പ്രവർത്തനം ആരംഭിച്ചു. 30 വരെയാണ് ആദ്യ ഘട്ടം തീവ്രയജ്ഞ പരിപാടി നടക്കുന്നത്. മലയോര മേഖലയിൽ സ്ഥിതി ചെയ്യുന്നതോ, വന്യജീവികളുടെ സാന്നിധ്യമുള്ളതോ ആയ എല്ലാ പഞ്ചായത്ത് ഓഫീസുകളിലും റെയിഞ്ച് ഓഫീസുകളിലുമാണ് വനം വകുപ്പിന്റെ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിക്കുക. ഇത് മുഖേന പൊതുജനങ്ങൾക്ക് പരാതികൾ പരാതിപ്പെട്ടിയിൽ സമർപ്പിക്കാം. ഇതിൻമേൽ ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്തുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. കട്ടപ്പന നഗരസഭ, കാഞ്ചിയാർ, കാമാക്ഷി, ഉപ്പുതറ എന്നീ പഞ്ചായത്തുകളിലും കാഞ്ചിയാർ ഫോറസ്റ്റ് ഓഫീസിലുമാണ് ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്.