=അപകടത്തിന് ശേഷം ഡ്രൈവർ കള്ളക്കഥകൾ മെനഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു

മൂന്നാർ: കെ.എസ്ആർ.ടി. സിറോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ അടിമാലി സ്വദേശി കെ. പി. മുഹമ്മദിനെയാണ് കെ. എസ് .ആർ. ടി .സി മാനേജിംഗ് ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്.കഴിഞ്ഞ 12ന് വൈകിട്ടാണ് 45 സഞ്ചാരികളുമായി സൈറ്റ് സീൻ സർവ്വീസിന്‌ശേഷം മടങ്ങുന്നതിനിടയിൽദേവികുളം ഇരച്ചിൽ പാറയിൽ കെ എസ് ആർ ടി സി ഡബിൾ ഡെക്കർ ബസ് അപകടത്തിൽപെട്ടത്.പ്രദേശത്തെ ബസ് കാത്തിരിപ്പ്‌കേന്ദ്രത്തിലിടിച്ചശേഷം വാഹനം പാതയോരത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്ക് സംഭവിച്ചില്ലെങ്കിലും വാഹനത്തിന് ചിലകേടുപാടുകൾ പറ്റിയിരുന്നു.അമിതവേഗത്തിൽ ദിശ തെറ്റിച്ച് എതിരെ വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നായിരുന്നു ഡ്രൈവർ മൊഴി നൽകിയിരുന്നത്. ഇതിന് അനുകൂലമായി അടിമാലി സ്വദേശിയായ ഒരു കാർ ഡ്രൈവർ തന്റെ കുഴപ്പമാണെന്ന് കാട്ടി പൊലീസിലും മൊഴി നൽകിയിരുന്നു.എന്നാൽ പൊലീസും വകുപ്പ് അധികൃതരും സംഭവസ്ഥലത്തെ നിരീക്ഷണ ക്യാമറ ഉൾപ്പെടെ പരിശോധിച്ചതിൽനിന്നും ബസ് ഡ്രൈവർ സ്വയം രക്ഷപ്പെടാനായി കഥകൾ മെനഞ്ഞതായി കണ്ടെത്തുകയും അപകടം വരുത്തിവച്ചതാണെന്നു കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് നടപടി.അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയശേഷം വകുപ്പിനെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരാതി നൽകിയെന്ന് കണ്ടെത്തിയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്