
തൊടുപുഴ : കേരളസർക്കാരും ഹരിതകേരളമിഷനും സംയുക്തമായി നടപ്പാക്കിയ 'പച്ചത്തുരുത്ത് പുരസ്‌കാരം ന്യൂമാൻ കോളേജിന്. ജില്ലയിലെ ഏറ്റവും മികച്ച പച്ചത്തുരുത്തായി സംസ്ഥാന സർക്കാർ തിരഞ്ഞെടുത്ത കോളേജിനുള്ള പുരസ്‌കാരം ന്യൂമാൻ കോളേജ്, പത്തനംതിട്ട ജില്ലാ കളക്ടർ എസ്. ഹരികിഷോറിൽ നിന്നും ഏറ്റുവാങ്ങി. 1964ൽ സഹ്യന്റെ മടിത്തട്ടിൽ, തൊടുപുഴയാറിന്റെ സമീപത്ത് സ്ഥാപിതമായ കോളേജ്, കലാലയ വിഭാഗത്തിൽ ജില്ലയിലെ മികച്ച പച്ചത്തരുത്തായി മാറി.
2021ൽ ഹരിത കേരളം മിഷന്റെ ഇടപെടലിലൂടെ ഏകദേശം 10 സെന്റ് വരണ്ട ഭൂമിയിൽ ആരംഭിച്ച പച്ചത്തുരുത്ത് ഇന്ന് ഒരേക്കറിൽ, അതിജീവനത്തിന്റെ മാതൃകയായും ജൈവവൈവിധ്യ സംരക്ഷണത്തിന്റെ അടയാളമായും നിലകൊള്ളുന്നു. പരിസ്ഥിതിയുടെ പ്രാധാന്യവും ഗവേഷണത്തിലൂടെയുള്ള കണ്ടെത്തലുകളും പുതുതലമുറയുടെ അറിവിന്റെ അടയാളങ്ങളായി രൂപപ്പെടുന്നതോടൊപ്പം ക്യാമ്പസിലെ വൈവിധ്യമാർന്ന സസ്യങ്ങളെക്കുറിച്ചുള്ള എല്ലാ ശാസ്ത്രീയ വിവരങ്ങളും ഉൾപ്പെടുത്തി 'ഫ്‌ളോറ ഓഫ് ന്യൂമാൻ' എന്ന ശാസ്ത്രഗ്രന്ഥവുംപുറത്തിറക്കിയിട്ടുണ്ട്.
വിവിധയിനത്തിൽപ്പെട്ട ചിത്രശലഭങ്ങൾ കാണപ്പെടുന്നത് പാരിസ്ഥിതിക സന്തുലിതാവസ്ഥയെ സൂചിപ്പിക്കുന്നു.
.ബയോഡൈവേഴ്സിറ്റി ക്ലബ് കോർഡിനേറ്റർ ഡോ. ജയ്ബി സിറിയക്, കോളേജ് ബർസാർ ഫാ.ബെൻസൺ ആന്റണി, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, അദ്ധ്യാപകർ, അനദ്ധ്യാപകർ,വിദ്യാർത്ഥികൾ തുടങ്ങിയവരുടെ ഒത്തൊരുമയും കഠിനാധ്വാനവുമാണ് കോളേജ് നേടിയ ഈ അഭിമാനനേട്ടത്തിന് പിന്നിലെന്ന് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് അറിയിച്ചു.