അടിമാലി:പതിനാലാമത് ജില്ല സഹോദയ കലോത്സവം ഇന്ന് മുതൽ രണ്ട് ദിവസങ്ങളിലായി അടിമാലി വിശ്വദീപ്തി പബ്ലിക് സ്‌കൂളിൽ നടക്കും.കലോത്സവത്തിന്റെ ഭാഗമായുള്ള വിവിധ രചനാ മത്സരങ്ങൾ 13ന് നടന്നിരുന്നു.ഇന്ന് രാവിലെ 8.30 ന് മത്സരങ്ങൾ ആരംഭിക്കും.വൈകുന്നേരം നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇടുക്കി സഹോദയ പ്രസിഡന്റ് ഫാ. സിജൻപോൾ ഊന്നുകല്ലേൽ അദ്ധ്യക്ഷത വഹിക്കും. ജില്ല കളക്ടർ ദിനേശൻ ചെറുവത്ത് മുഖ്യാതിഥിയാകും.അഡ്വ.ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. സിനിമാതാരം സുമേഷ് ചന്ദ്രൻ ചടങ്ങിൽ പങ്കെടുക്കും.ഇരുപതിന് നടക്കുന്ന സമാപന ചടങ്ങിൽ എസ്. പി സാബു മാത്യു സമ്മാനദാനം നിർവഹിക്കും.കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.ജില്ലയിലെ 31 സി. ബി .എസ് .ഇ സ്‌കൂളുകളിൽ നിന്നായി 2500ലധികം മത്സരാർത്ഥികൾ മാറ്റുരക്കും. രണ്ട് ദിവസങ്ങളിലായി 22വേദികളിലായി 140ഓളം മത്സരയിനങ്ങൾ അരങ്ങേറും. സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.രാജേഷ്‌ജോർജ്, വൈസ് പ്രിൻസിപ്പൽ ഫാ.ജിയോകോക്കണ്ടത്തിൽ, സംഘാടക സമിതി കൺവീനർമാരായ ബിനുജോസഫ്, മിനിടോം,ദീപ മാത്യു എന്നിവർ പരിപാടികൾ വിശദീകരിച്ചു.