അടിമാലി:ആനച്ചാൽ ചിത്തിരപുരത്ത് അനധികൃത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് 2 തൊഴിലാളികൾ മരിച്ച സംഭവത്തിൽ റിസോർട്ട് സൂപ്പർവൈസർ ആലുവ കീഴ്മാട് തടത്തിൽ ജെയ്സൺ തോമസി(48)നെ വെള്ളത്തൂവൽ പൊലീസ്‌കസ്റ്റഡിയിലെടുത്തു. 304 എ വകുപ്പ് പ്രകാരം മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് റിസോർട്ട് ഉടമകളായ എറണാകുളം കുമ്പളങ്ങി ചാലടി ഷെറിൻ അനില ജോസ് (35) ഭർത്താവ് സെബി(40) എന്നിവർക്കെതിരെയുംകേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജെയ്സനെ അടിമാലി കോടതിയിൽ ഹാജരാക്കി. മിസ്റ്റി വണ്ടേഴ്സ് റിസോർട്ടിന്റെ സൂപ്പർവൈസറാണ് കസ്റ്റഡിയിലായത്. അപകടത്തിൽ റിസോർട്ട് ഉടമകളും പ്രതിയാണ്. പള്ളിവാസൽ വില്ലേജ് ഓഫീസറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പൊലീസിന്റെ നടപടി.

=അടിമാലി ചിത്തിരപുരം തട്ടാത്തിമുക്കിന് സമീപമുള്ള റിസോർട്ടിനോട് ചേർന്ന് നടന്ന് വന്നിരുന്ന നിർമ്മാണ ജോലികൾക്കിടെയായിരുന്നു ബുധനാഴ്ച വൈകുന്നേരത്തോടെ മണ്ണിടിച്ചിൽ ഉണ്ടായത്.റിസോർട്ടിനോട് ചേർന്ന് മണ്ണ് നീക്കി സംരക്ഷണ ഭിത്തി നിർമ്മാണം നടന്നു വരികയായിരുന്നു.ഇതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികൾക്ക് മേൽ പതിച്ചു.ഏറെ സമയത്തിന് ശേഷം തൊഴിലാളികളെ മണ്ണിനടിയിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

=റിസോർട്ടുമായി ബന്ധപ്പെട്ട് നടന്നു വന്നിരുന്ന നിർമ്മാണ ജോലികളിൽ വലിയ അപകാത സംഭവിച്ചിട്ടുള്ളതായാണ് വിവരം.സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് നടത്തിയ നിർമ്മാണ ജോലികൾക്കിടെയാണ് ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായതും രണ്ട് തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടതും.

ഈ വർഷം ആദ്യമായിരുന്നു റവന്യു വകുപ്പ് റിസോർട്ടുമായി ബന്ധപ്പെട്ട നിർമ്മാണ ജോലികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.എന്നാൽ ഈ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമായിരുന്നു ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നത്.ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും വിമർശനം ഉയരുന്നുണ്ട്.സ്റ്റോപ്പ് മെമ്മോ നൽകി മാസങ്ങൾ പിന്നിടുമ്പോൾ നടന്നു വന്നിരുന്ന അനധികൃത നിർമ്മാണം റവന്യു വകുപ്പിന്റെ ശ്രദ്ധയിൽപ്പെടാതെപോയതിന്റെ പിന്നിലുള്ള ദുരൂഹതക്കെതിരെയാണ് ആക്ഷേപം ഉയരുന്നത്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുകൊണ്ട് മണ്ണെടുത്ത് മാറ്റുകയും സംരക്ഷണ ഭിത്തി നിർമ്മാണത്തിനുള്ള കോൺക്രീറ്റ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിരുന്നു. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നതിനിടയിലാണ് മണ്ണിടിച്ചിൽ സംഭവിച്ചത്.അപകടത്തിൽ മരിച്ച ബെന്നിയുടെയും ,രാജീവിന്റെയും സംസ്‌കാരം നടത്തി.