ചെറുതോണി: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമാധി നാളെ വിവിധ പരിപാടികളോടെ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു. ഗുരുദേവ ക്ഷേത്രത്തിൽ പ്രഭാതത്തിൽ ഗുരുപൂജയോടുകൂടി ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഗുരുപുഷ്പാഞ്ജലി, സമൂഹപ്രാർത്ഥന, അഖണ്ഡനാമജപം, ശാന്തിയാത്ര, സമാധി അനുസ്മരണ പ്രഭാഷണങ്ങൾ എന്നിവ നടത്തും. വൈകിട്ട് 3.30ന് മഹാസമാധിപൂജയ്ക്ക് ശേഷം അന്നദാനം. ഇടുക്കി യൂണിയനിലെ വാഴത്തോപ്പ്, മുരിക്കാശ്ശേരി, ഉപ്പുതോട്, കിളിയാർക്കണ്ടം, ഇടുക്കി, ചുരുളി, പ്രകാശ്, ഡബിൾകട്ടിംഗ്, തോപ്രാംകുടി, കീരിത്തോട്, കള്ളിപ്പാറ, പെരിഞ്ചാംകുട്ടി, പൈനാവ്, കുളമാവ്, വിമലഗിരി, മണിയാറൻകുടി, കനകകുന്ന്, കരിക്കിൻമേട്, തങ്കമണി എന്നിവിടങ്ങളിൽ സമാധിയാചരണ ചടങ്ങുകൾ നടക്കും. വിവിധ പ്രദേശങ്ങളിൽ നടത്തുന്ന ചടങ്ങുകൾക്ക് യൂണിയൻ പ്രസിഡന്റ് പി. രാജൻ, വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, എ.എസ്. മഹേന്ദ്രൻ ശാന്തികൾ, എൻ.ആർ. പ്രമോദ് ശാന്തികൾ, യൂണിയൻ കൗൺസിലർമാർ, പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.