കട്ടപ്പന: ശ്രീനാരായണ ഗുരുദേവന്റെ 98-ാമത് മഹാസമധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ മലനാട് യൂണിയനിലെ 38 ശാഖകളിലും നടത്താൻ ഒരുക്കങ്ങൾ പൂർത്തിയായി. ഗുരുദേവ ക്ഷേത്രങ്ങളിലും പ്രത്യേകം തയാറാക്കിയ സമാധിദിനാചരണ ആശ്രമ സമാനമായ ഇടങ്ങളിലും പൂജയും ആരാധനയും ഉണ്ടാകും. മഹാസമാധി ദിനത്തിന്റെ മഹത്വം അറിയിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ, സമൂഹപ്രാർത്ഥന, അന്നദാനം എന്നിവ നടക്കും. ശാഖകളിലെ ബഹുഭൂരിപക്ഷം ജനങ്ങളും പഞ്ചശുദ്ധിയാചരണത്തോടെയുള്ള ഉപവാസമനുഷ്ഠിച്ചുകൊണ്ടാണ് മഹാസമാധി ദിനാചരണങ്ങളിൽ പങ്കുകൊള്ളുക. ഗുരുദേവന്റെ അതിവിശിഷ്ടങ്ങളായ കൃതികളുടെ വായനയും അർത്ഥവിചാരവും ചടങ്ങുകളിൽ പ്രധാനപ്പെട്ടവയാണ്. രാവിലെ ആറിന് ക്ഷേത്രങ്ങളിൽ മഹാഗുരു പൂജയോടുകൂടി ആചരണപരിപാടികൾക്ക് തുടക്കമാകും. ഗുരുദേവന്റെ മഹാസമാധി സമയമായ 3.30ന് ദൈവദശക പ്രാർത്ഥനയോടെ ചടങ്ങുകൾക്ക് സമാപനമാകും. തുടർന്ന് അന്നദാനവും നടക്കും. മലനാട് യൂണിയനിലെ 38 ശാഖകളിലും നടക്കുന്ന ചടങ്ങുകളിൽ യൂണിയന്റെ നേതാക്കൾ പങ്കെടുക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു.