തൊടുപുഴ: വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നതായി ആരോപിച്ച് സി.പി.എം വണ്ണപ്പുറം പഞ്ചായത്ത് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിച്ച് ജനങ്ങളുടെ മുമ്പിൽ യു.ഡി.എഫിനെ അപകീർത്തിപെടുത്തുകയാണെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പട്ടികയിൽ പേര് ചേർക്കുന്നത് ഇലക്ഷൻ കമ്മീഷൻ നിർദ്ദേശം അനുസരിച്ചാണ്. എല്ലാ പഞ്ചായത്തിലും എന്നപോലെയാണ് വണ്ണപ്പുറം പഞ്ചായത്തിലും വോട്ടർ പട്ടികയിൽ പേര് ചേർക്കൽ നടന്നത്. മലയോര മേഖല ഉൾപ്പെടുന്ന വണ്ണപ്പുറം പഞ്ചായത്തിൽ പ്രളയം, കൊവിഡ് , പ്രകൃതി ദുരന്തങ്ങൾ എന്നിവ അടിക്കടി ഉണ്ടായപ്പോൾ ജീവരക്ഷാർത്ഥം ചികിത്സക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്രുമാണ് താൽക്കാലികമായി വണ്ണപ്പുറം ടൗണിലും സമീപ പ്രദേശങ്ങളിലുമായി വീടുകൾ വാടകയ്ക്ക് എടുത്ത് താമസം മാറിയിട്ടുള്ള്. ഇവർ തങ്ങളുടെ സ്ഥലവും ദേഹണ്ഡങ്ങളും വീടുകളും വിറ്റു പോവുകയോ കൈമാറ്റം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇങ്ങനെയുള്ളവരുടെ വോട്ടുകൾ വെട്ടി മാറ്റുവാനുള്ള സി.പി.എമ്മി ന്റെ നിർബന്ധ ബുദ്ധിയും കുടില തന്ത്രവുമാണ് പഞ്ചായത്തിൽ നടത്തിയ സമരത്തിനാധാരം. താൽക്കാലികമായി മാറി താമസിക്കുന്ന ആളുകൾ നിലവിലെ വാടകവീടുകളിൽ വോട്ട് ചേർത്തിട്ടില്ലാത്ത അവസ്ഥയിൽ അവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്താൽ സ്ഥലത്തിന് പട്ടയം, ക്ഷേമപെൻഷനുകൾ മറ്റ് ജീവിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വോട്ടവകാശം ഉപയോഗിക്കുവാൻ സാധിക്കാതെ വരും. യു.ഡി.എഫി ന്റെ ന്യായമായ ആവശ്യം എൽ.ഡി.എഫ് രാഷ്ട്രീയപരമായി ചിത്രീകരിക്കുകയാണ് എൽ.ഡി.എഫ് നടത്തുന്ന പഞ്ചായത്ത് സമരം സാധാരണക്കാരായ ജനങ്ങളുടെ അവകാശത്തിമ്മേലുള്ള കടന്നു കയറ്റം ആണെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വിഷയമുന്നയിച്ച് 26ന് വണ്ണപ്പുറം ടൗണിൽ നടത്തുന്ന പ്രചരണ യോഗം മാത്യുകുഴൽ നാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്നും നേതാക്കൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി.എം ഇല്യാസ്, കൺവീനർ ബേബി വട്ടക്കുന്നേൽ, സെക്രട്ടറി സണ്ണി കളപ്പുരക്കൽ, പി.വി ഷാഹുൽ ഹമീദ്, എം.ടി ജോണി എന്നിവർ പങ്കെടുത്തു.