kanjar

=കാഞ്ഞാർ പച്ചതുരുത്തിന്റെ മികവിന് അംഗീകാരം

വെള്ളിയാമറ്റം:അറവുശാലയിൽ നിന്നും ഉൾപ്പെടെയുള്ള പ്രദേശത്തെ സകല മാലിന്യങ്ങളും വലിച്ചെറിയാവുന്ന കുപ്പത്തൊട്ടിയായിരുന്ന ഒരു പ്രദേശം മനോഹരമായ പച്ചത്തുരുത്തായി മാറി സംസ്ഥാനത്തിന്റെ അംഗീകാരം നേടിയെടുത്ത കഥയാണ് വെള്ളിയാമറ്റം പഞ്ചായത്തിലെ കാഞ്ഞാർ പച്ചതുരുത്തിന്റേത്. പലരും കൈയ്യേറി കൃഷിയും അനധികൃത നിർമ്മാണവുമെല്ലാം നടത്തിയിരുന്ന പ്രദേശം ഇന്നിപ്പോൾ കണ്ണിനും മനസ്സിനും സന്തോഷത്തിന്റെ പച്ചപ്പ് തരുന്ന ഇടമായി മാറി. കാഞ്ഞാർആനക്കയം റോഡിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന ഈ ചെറിയ ഹരിത വനത്തിന് പിന്നിൽ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നിശ്ചയദാർഡ്യവും തൊഴിലുറപ്പ് പദ്ധതി അംഗങ്ങളുടെയും നാട്ടുകാരുടെയും കഠിനാധ്വാനവുമുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപനതലത്തിലെ പച്ചതുരുത്തുകളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കാഞ്ഞാർ പച്ചതുരുത്ത്. വെള്ളിയാമറ്റം പഞ്ചായത്തും ഹരിത കേരളം മിഷനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ ഈ ഒരേക്കറോളം ഭൂമിയിൽ 2019 ജൂൺ 16നാണ് പച്ചത്തുരുത്തിന് തുടക്കമിട്ടത്. 250 വൃക്ഷത്തൈകളിൽ തുടങ്ങിയ ഈ പച്ചത്തുരുത്തിൽ ഇപ്പോൾ പുളിയും പ്ലാവും മാവും നെല്ലിയും അത്തിയും ആര്യവേപ്പും ഇത്തിയും മരുതും മഹാഗണിയും പേരയും തുടങ്ങി ആയിരത്തോളം ഇനങ്ങളുടെ സസ്യ വൈവിധ്യമുണ്ട്. ചുറ്റിനും ചെമ്പരത്തിയും ഈറ്റയുമൊക്കെയൊരുക്കിയ മനോഹരമായ ജൈവവേലിയുടെ സംരക്ഷണവുമുണ്ട് കാഞ്ഞാർ പച്ചതുരുത്തിന്.പേരയും മാവുമൊക്കെ കായ്ച്ചു തുടങ്ങി. മലങ്കര ജലാശയത്തിന്റെ ജലസമൃദ്ധിയുള്ളതിനാൽ ഇവിടുത്തെ പച്ചപ്പിന് ഒരിക്കലും കുറവുണ്ടായിരുന്നില്ല.

മരം ഒരു വരം

മരം നട്ടശേഷം തിരിഞ്ഞുനോക്കാതെ പോകുന്ന സംഭവങ്ങൾ നാട്ടിൽ ഒട്ടേറെയുണ്ട്. എന്നാൽ കാഞ്ഞാർ പച്ചത്തുരുത്ത് അങ്ങനെയായില്ല. തൊഴിലുറപ്പ് തൊഴിലാളികൾ ഈ പച്ചത്തുരുത്തിനെ ഭദ്രമായി പരിപാലിച്ചു.15 പേരാണ് ഓരോ കാലയളവിലും പച്ചത്തുരുത്തിനെ പരിപാലിച്ചത്. സമീപ പ്രദേശത്തുനിന്നും സ്വന്തം വീടുകളിൽ നിന്നുമെല്ലാം ചാണകം ഉൾപ്പെടെ കൊണ്ടുവന്ന് ഇവർ തൈകൾക്ക് വളം നൽകി. കാട് കയറാതെ ചെറിയ കളകൾ പോലും നീക്കം ചെയ്തു അവർ പരിപാലിച്ചു.

ഈ ഭൂമിയെ സംബന്ധിച്ച് നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പഞ്ചായത്ത് ഭരണസമിതിയുടെയും നാട്ടുകാരുടെയും ശക്തമായ ഇടപെടലിലൂടെ അതവസാനിച്ചു.സമർപ്പണ ബുദ്ധിയോടെ മൂന്നു വർഷം ഇവർ നൽകിയ കരുതലാണ് കാഞ്ഞാർ പച്ചത്തുരുത്തിന് ജീവൻ നൽകിയത്. പഞ്ചായത്തിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി ഈ ഭൂമി എം.വി.ഐ.പിയിൽ നിന്നും വിട്ടുകിട്ടി.

മനോഹരമായ പാർക്കും വിശ്രമ കേന്ദ്രവുമൊക്കെയാണ് പച്ചത്തുരുത്തിൽ ഇനി യാഥാർത്ഥ്യമാകാനുള്ളത്.അതിനുള്ള കർമ്മ പദ്ധതികൾ പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിൽ വരും വർഷങ്ങളിൽ ഇടം നേടുമെന്ന് ഭരണസമിതി അംഗങ്ങൾ പറയുന്നു. ഈ വർഷത്തേത് ഉൾപ്പടെ ഒട്ടേറെ ബഹുമതികൾ കാഞ്ഞാർ പച്ചത്തുരുത്തിനെ തേടിയെത്തിയിരുന്നു. മുമ്പ് സംസ്ഥാനത്തെ അഞ്ച് മികച്ച പച്ചത്തുരുത്തുകളിലൊന്നായി കാഞ്ഞാറിനെ തിരഞ്ഞെടുത്തിരുന്നു. ഹരിത കേരളം മിഷൻ തയ്യാറാക്കിയ ഡോക്യുമെന്ററിയിലും കാഞ്ഞാർ പച്ചത്തുരുത്തിന് ഇടം ലഭിച്ചു. കേന്ദ്ര പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥ സംഘവും പച്ചത്തുരുത്ത് സന്ദർശിച്ചിരുന്നു.