
തൊടുപുഴ: നഗരമദ്ധ്യത്തിൽ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിലെമ്പാടും കുടിവെള്ളം മുടങ്ങി. ഇന്നലെ വൈകിട്ട് നാലിന് ഏറെ തിരക്കുള്ള ഭീമ ജംഗ്ഷനിലാണ് 110 എം.എം. ലൈൻ പൈപ്പാണ് പൊട്ടിയത്. ഏഴടിയോളം ഉയരത്തിൽ വെള്ളം ചീറ്റി തെറിച്ചതോടെ ഇതുവഴി പോയ യാത്രക്കാരടക്കം നനഞ്ഞു കുളിച്ചു. ഈ സമയം ഇതുവഴി കടന്നപോയ സ്‌കൂൾ വണ്ടികളിലേക്കടക്കം വെള്ളം തെറിച്ചു. സമീപവാസികളും ഓട്ടോറിക്ഷ തൊഴിലാളികളും ഉടൻ തന്നെ വിളിച്ചറിയിച്ചെങ്കിലും ജലവിതരണ വകുപ്പ് വൈകിയാണ് ജല പ്രവാഹം നിറുത്തിയതെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ നാലു മാസമായി ഈ പൈപ്പ് പൊട്ടി വെള്ളം ചോരുന്നതായാണ് പ്രദേശത്തെ കടക്കാർ പറയുന്നത്. കാനയ്ക്ക് മുകളിൽ കോൺക്രീറ്റുള്ളതിനാൽ വെള്ളം പുറത്തേക്ക് വരാതിരുന്നതാണ്. എന്നാൽ വെള്ളിയാഴ്ച ഭാരവാഹനം കയറിയതോടെ ഈ കോൺക്രീറ്റ് രണ്ടായി പൊട്ടുകയായിരുന്നു. തുടർന്നാണ് വെള്ളം പുറത്തേക്ക് വന്നത്.
=നാല് മാസം മുമ്പ് പൈപ്പ് പൊട്ടിയതായി കാണിച്ച് പ്രദേശവാസികൾ പരാതി നൽകിയിരുന്നു.
=പൈപ്പ് പൊട്ടിയതോടെ ഇന്ന് പകൽ ടൗൺ മുതൽ വെങ്ങല്ലൂർ ഭാഗം വരെയുള്ള ഭാഗത്ത് കുടിവെള്ള വിതരണം തടസപ്പെടുമെന്നും പ്രശ്നം പരിഹരിച്ച ശേഷം വിതരണം പുനഃസ്ഥാപിക്കുമെന്നും വാട്ടർ അതോറിറ്റി സെക്ഷൻ അസി. എൻജിനിയർ അറിയിച്ചു.