മുട്ടം: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. മുട്ടം നരിയംപാറയിൽ ജിഹാസ് ഇബ്രാഹിം (24), മുട്ടം എൻജിനിയറിംഗ് കോളജ് വിദ്യാർത്ഥികളായ അതുൽ, ശബരി, മൂലമറ്റം സ്വദേശി ചന്ദ്രകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. മെഡിക്കൽ റെപ്രസെന്റേറ്റീവായ ജിഹാസ് ജോലി കഴിഞ്ഞ് മുട്ടത്തുള്ള വീട്ടിലേക്ക് വരുമ്പോൾ എതിർ ദിശയിലെത്തിയ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം. ഈ സമയം ഇത് വഴി കടന്ന് പോയ ചന്ദ്രകുമാറിന്റെ ഇരുചക്ര വാഹനത്തിലേക്ക് വിദ്യാർത്ഥികളുടെ ഇരുചക്ര വാഹനം മറിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ ജിഹാസിനെയും എൻജിനിയറിംഗ് കോളേജ് വിദ്യാർത്ഥികളെയും തൊടുപുഴയിലും ചന്ദ്രകുമാറിനെ മുട്ടത്തുമുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ജിഹാസിനെ എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.