പീരുമേട്:കുമളി കൊടുവാക്കരണം സർവീസ് നടത്തുന്ന മുബാറക് ബസ്സിലെ കണ്ടക്ടറുടെയും ഡ്രൈവറുടെയും സമയോജിതമായ ഇടപെടൽ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ കുമളിയിൽ നിന്നും ഏലപ്പാറക്ക് സർവീസ് ആരംഭിച്ച ബസ്സിൽ കുട്ടിക്കാനം സ്വദേശിയായ വിശാലിനാണ് തേക്കടി കവലയിൽ വച്ച് ദേഹാസ്വസ്ഥ്യം ഉണ്ടായത്. തുടർന്ന് കണ്ടക്ടർ രാജേഷ് ആർ, ഡ്രൈവർ സിനു എന്നിവർ യാത്രക്കാരന്റെ ക്ഷയ്ക്കെത്തുകയായിരുന്നു.ഉടൻ തന്നെ വിശാലുമായി കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ബസ്സ് പാഞ്ഞു. ദേശീയ പാതയിൽ നിന്ന് ആശുപത്രിയിലേക്കുള്ള വീതി കുറഞ്ഞ റോഡിലുടെയുള്ളയാത്ര ദുഷ്‌കരമായിരുന്നു. ആശുപത്രിയിൽ അറിയിച്ചതിനാൽ ജീവനക്കാർ തയ്യാറെടുപ്പിലായിരുന്നു. പരിശോധിച്ച് വേണ്ട ചികിത്സ വളരെ പെട്ടെന്ന് നൽകാൻ കഴിഞ്ഞു. ഒരു ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുള്ള പ്രവർത്തനം ഡ്രൈവർ സിനുവിനും ഒപ്പം നിന്ന കണ്ടക്ടർ രാജേഷിനെയും യാത്രക്കാർ ഉൾപ്പെടെ എല്ലാവരും അഭിനന്ദിച്ചു..