തൊടുപുഴ: വീട്ടിൽ തനിച്ചായ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തൊടുപുഴ പൊലീസ് രക്ഷിച്ചു. ഇടവെട്ടി ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു യുവതിയും കുഞ്ഞും. ഇന്നലെ ഉച്ചക്ക് മൂന്നോടെ അമ്മ പുത്തേക്ക് പോയി. ഇത് സമീപവാസികൾ കണ്ടിരുന്നു. ഈ സമയം ഇവരുടെ കൈയിൽ കുട്ടി ഉണ്ടായിരുന്നില്ല. കുറേസമയം കഴിഞ്ഞിട്ടും കുഞ്ഞിന്റെ കരച്ചിലും അനക്കവും കേൾക്കാത്തതിനാൽ നാട്ടുകാർ പൊലീസിനെയും ജനപ്രതിനിധികളേയും വിവരം അറിയിച്ചു. തൊടുപുഴ എസ്.എച്ച്.ഒ എസ്. മഹേഷ് കുമാറും സംഘവും വീട്ടിലെത്തി പൂട്ടുപൊളിച്ച് അകത്ത് കടന്നു. കുഞ്ഞ് കട്ടിലിൽ കിടക്കുകയായിരുന്നു. കുഞ്ഞിനെ പൊലീസ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മ രാത്രിയോടെ തിരിച്ചെത്തിയെന്നും കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലാക്കിയെന്നും പൊലീസ് പറഞ്ഞു