അരലക്ഷം പിഴ ഈടാക്കി

പിരുമേട്: സിനിമാ ലൊക്കേഷനിലെ ഭക്ഷണമാലിന്യങ്ങൾ വാഹനത്തിൽ എത്തിച്ച് റോഡരുകിൽ തള്ളിയത് വണ്ടിപ്പെരിയാർ പഞ്ചായത്തധികൃതർ പിടികൂടി. വാഹന ഉടമയ്ക്ക് അൻപതിനായിരം രൂപ പിഴയും ചുമത്തി.
തുടർന്ന് വാഹനം വണ്ടിപ്പെരിയാർ പൊലീസിന് കൈമാറി.വെള്ളിയാഴ്ച്ച വൈകിട്ടോടെ വണ്ടിപ്പെരിയാറിന് സമീപം ദേശീയ പാതയ്ക്ക് സമീപമാണ് മാലിന്യം തള്ളിയത്.സമീപ പ്രദേശങ്ങളിൽ നടക്കുന്ന സിനിമ ചിത്രീകരണത്തിന് എത്തിയവർക്കായി തയ്യാറാക്കിയ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ കരാറുകാരൻ വാഹനത്തിലെത്തിച്ച് റോഡരികിൽ തള്ളുകയായിരുന്നു.ദുർഗന്ധം വമിക്കുന്ന ഭക്ഷണ മാലിന്യങ്ങളാണ് ഇവ.ഈ സമയം ഇതുവഴി കടന്നുപോയ ടാക്സി ഡ്രൈവർമാർ ഉടൻ തന്നെ വിവരംപഞ്ചായത്തധികൃതരെ അറിയിച്ചു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു.
ഡ്രൈവറായ എറണാകുളം സ്വദേശി എംസി വിൽസൺ ആണ് മാലിന്യം റോഡരുകിൽ തള്ളിയത്. കൂടാതെ പാമ്പനാർ സ്വദേശികളായ മൂന്ന് തൊഴിലാളികളും വാഹനത്തിൽ ഉണ്ടായിരുന്നു.പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.പഞ്ചായത്ത് സെക്രട്ടറി ബിജോയ്, മറ്റ് ഉദ്യോഗസ്ഥരായ ജിജോമോൻ, രഞ്ജിത്,പി.കെ ഗോപിനാഥൻ, ബൈജു ചെറിയാൻ,സജി ജേക്കബ്, സജീവ്, അശ്വിൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.