 ആലിൻചുവട് ഭാഗത്ത് 10 ഏക്കർ സ്ഥലം നൽകും

ചെറുതോണി: മിനി ഫുഡ് പാർക്ക് നിർമ്മാണത്തിനായി ചെറുതോണി ആലിൻചുവട് ഭാഗത്ത് 10 ഏക്കർ സ്ഥലം വ്യവസായ വകുപ്പ് ആവശ്യപ്പെട്ട ഭേദഗതികളോടെ കൈമാറുന്നതിന് പുതുക്കിയ ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പാർക്കിന്റെ ഭാഗമായി സ്ഥലം വ്യവസായികൾക്ക് കൈമാറാനും അനുമതിയായി. മിനി ഫുഡ് പാർക്ക് നിർമ്മിക്കുന്നതിനായി മരങ്ങൾ വില നിശ്ചയിച്ചു മുറിച്ചു നീക്കുന്നതിനുള്ള അനുമതിയും ഉപാധികളോടെ ലഭ്യമായതായി മന്ത്രി അറിയിച്ചു.

സർവ്വേ നടപടികൾ പൂർത്തിയാക്കി ജില്ലാ കളക്ടർ മുഖേന റവന്യൂ വകുപ്പിന് കൈമാറിയ നിർദേശം അംഗീകരിക്കുകയായിരുന്നു. തടസങ്ങൾ നീങ്ങിയതോടെ എത്രയും വേഗത്തിൽ മിനി ഫുഡ് പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഡി.ടി.പി.സിയുടെ അധീനതയിലുള്ള സ്ഥലമാണ് പാർക്കിനായി കൈമാറിയിട്ടുള്ളത്. ചെറുകിട വ്യാപാരത്തിന് പ്രാമുഖ്യം ലഭിക്കത്തക്ക വിധം വ്യവസായ വകുപ്പ് സംരംഭകർക്ക് ഭൂമി കൈമാറുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഫുഡ് പാർക്ക് പ്രോജക്ടിനെ മേൽനോട്ടച്ചുമതല കിൻഫ്ര ജനറൽ മാനേജർ ഡോ. ടി. ഉണ്ണികൃഷ്ണനാണ്. ചെറുകിട വ്യവസായമേഖലയിൽ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളാണ് മിനി ഫുഡ് പാർക്കുകൾ.

അഞ്ഞൂറിലധികം തൊഴിലവസരങ്ങൾ

'ചെറിയ നിരക്കിൽ സ്ഥലം ലഭ്യമാകുന്നത് ഭക്ഷ്യ വിഭവ ഉത്പാദനത്തിന് കരുത്തേകും. പ്രത്യക്ഷമായും പരോക്ഷമായും അഞ്ഞൂറിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകും. ഇതോടൊപ്പം ജില്ലയിലെ ഭക്ഷ്യ വിഭവങ്ങൾ പ്രോസസ് ചെയ്ത് വിറ്റഴിക്കാനും കർഷകർക്ക് അവസരമൊരുങ്ങും"

-മന്ത്രി റോഷി അഗസ്റ്റിൻ

25 വ്യവസായ യൂണിറ്റുകൾ

പത്തേക്കർ ഭൂമിയിൽ 30 സെന്റ് വീതമുള്ള 25 വ്യവസായ യൂണിറ്റുകൾക്ക് സ്ഥലമൊരുക്കാൻ കഴിയും. ഇതിൽ രണ്ടരയേക്കർ സ്ഥലം പാർക്കിനുള്ളിലെ റോഡുകൾ, ഡ്രൈനേജ്, പാർക്ക്, ഓഫീസ് തുടങ്ങിയ പൊതു സൗകര്യങ്ങൾക്ക് ഉപയോഗിക്കും.