ഇടുക്കി: ജനങ്ങളുമായുള്ള ബന്ധം കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുന്നതിനായി ഇടുക്കി സബ് കളക്ടറുടെ ഓഫീസ് ''നേരിൽ സബ് കളക്ടർ'' എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു. നിവേദനങ്ങൾ, പരാതികൾ തുടങ്ങി ഏത് വിഷയങ്ങൾക്കുമായി സബ് കളക്ടറെ നേരിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക്, ഇനി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരികയോ ക്യൂവിൽ കാത്തുനിൽക്കേണ്ടി വരികയോ ഇല്ല. പകരം, ക്യു ആർ കോഡ് വഴിയോ, ലിങ്ക് വഴിയോ ഓൺലൈനിൽ നേരിട്ട് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുകയും വീഡിയോ കോൺഫറൻസ് വഴി സബ് കളക്ടറോട് സംസാരിക്കുകയും ചയ്യാം.

അപ്പോയിന്റ്‌മെന്റ് പ്രക്രിയ ഡിജിറ്റലാക്കുന്നതിലൂടെ ആളുകൾക്ക് സർക്കാർ ഉദ്യോഗസ്ഥരെ കാണുന്നതിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് ഒരു ചെറിയ തുടക്കമാണ്, എന്നാൽ ജനങ്ങളുടെ പ്രതികരണവും പങ്കാളിത്തവും കൊണ്ട് ഇത് കൂടുതൽ വികസിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

ഇടുക്കി സബ് കളക്ടർ

അനൂപ് ഗാർഗ്

പ്രാരംഭഘട്ടത്തിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 4.30 വരെ, ഓരോ ദിവസവും 15 മിനിറ്റ് വീതമുള്ള 6 സ്ലോട്ടുകൾ (ആഴ്ചയിൽ 12 സ്ലോട്ടുകൾ) എന്ന രീതിയിലാണ് അനുവദിച്ചിട്ടുള്ളത്. തുടക്കത്തിൽ, ഈ സേവനം ഈ രണ്ട് ദിവസങ്ങളിൽ മാത്രമേ ലഭ്യമാകൂ. ആവശ്യം അനുസരിച്ച് ഭാവിയിൽ കൂടുതൽ സ്ലോട്ടുകൾ ചേർക്കും.

, ക്യു ആർ കോഡ് ഉടൻ തന്നെ ഇത് വില്ലേജ് ഓഫീസുകൾ, താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും പ്രദർശിപ്പിക്കും.

സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടണം: 04862232231, 9447184231

പ്രവർത്തന രീതി

* ക്യു ആർ കോഡ് സ്‌കാൻ ചെയ്യുക അല്ലെങ്കിൽ ബുക്കിംഗ് ലിങ്ക് ഓപ്പൺ ചെയ്യുക.
* പേര്, ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ നൽകി സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ഒരു ഗൂഗിൾ ഫോം പൂരിപ്പിക്കുക.
* ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ഫോം ലളിതമാണ്.
* സമർപ്പിച്ചു കഴിഞ്ഞാൽ, വിവരങ്ങൾ ഓട്ടോമാറ്റിക് ആയി സബ് കളക്ടറുടെ ഓഫീസിൽ എത്തും.
* അപേക്ഷകർക്ക് മീറ്റിംഗ് വിവരങ്ങളടങ്ങിയ ഒരു സ്ഥിരീകരണ സന്ദേശവും വീഡിയോ കോൺഫറൻസിനുള്ള ലിങ്ക് ഇ-മെയിൽ വഴിയും വാട്ട്സ്ആപ്പ് വഴിയും ലഭിക്കും.