തൊടുപുഴ: ഭൂപതിവ് ചട്ടഭേദഗതി വഴി കെട്ടിടങ്ങളുടെ ക്രമവത്കരണത്തിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് പണസമാഹരണമാണ് ലക്ഷ്യമെന്നത് മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന് നൽകേണ്ട എല്ലാ ഫീസുകളും ആവശ്യമായരേഖകളും നൽകിയാണ് കെട്ടിടനിർമാണം നടത്തിയത്. വീണ്ടും ക്രമവത്കരണമെന്ന പേരിൽ തുക ഈടാക്കുന്നത് അംഗീകരിക്കാനാവില്ല. പട്ടയഭൂമിയിൽ വീട് നിർമ്മിച്ചത് ക്രമവിരുദ്ധമല്ല. ഇതിന് ആരുടെയും അനുമതിയുടെ ആവശ്യമില്ല. വീടുകളെ ക്രമവത്കരണത്തിൽ നിന്ന് ഒഴിവാക്കിയെന്നു പറയുന്നതും ജനങ്ങളെ കബളിപ്പിക്കലാണ്. നിലവിലെ ചട്ടഭേദഗതി ജില്ലയിൽ പട്ടയം ലഭിക്കാനുള്ളവരുടെ സ്ഥിതി കൂടുതൽ ദുരിതപൂർണമാക്കും. സാധാരണക്കാർക്ക് ഗുണകരമാകുന്ന ഭേദഗതിയാണ് ആവശ്യമെന്ന് നിയമസഭയിൽ പറഞ്ഞപ്പോൾ ചട്ടം രൂപീകരിക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് അന്ന് വകുപ്പ് മന്ത്രി ഉറപ്പുനൽകിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.