തൊടുപുഴ: മാതാവ് വീട് പൂട്ടി തനിച്ചാക്കി പോയ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു. തൊടുപുഴ ഇടവെട്ടി ശാസ്താംപാറ അംഗണവാടിക്ക് സമീപം താമസിക്കുന്ന യുവതിയാണ് രണ്ട് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി പോയത്. കുഞ്ഞിന്റെ തുടർച്ചയായ കരച്ചിൽ കേട്ട നാട്ടുകാർ വിവരം തിരക്കി വീട്ടിൽ വന്നപ്പോഴാണ് വീട്ടിൽ ആരും ഇല്ലെന്നും കുഞ്ഞ് തനിച്ചാണെന്നും മനസ്സിലാക്കുന്നത്. ഉടൻ നാട്ടുകാർ ജനപ്രതിനിധികളെയും തൊടുപുഴ പൊലീസ് സ്റ്റേഷനിലും അറിയിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് തൊടുപുഴ സി.ഐ മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തുകയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ വാതിൽ പൊളിച്ച് അകത്തു കയറി കുഞ്ഞിനെ രക്ഷിക്കുകയുമായിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തിരുന്നു. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഡ്വ. ജെ. അനിൽ, എം.എൻ. പുഷ്പലത, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്, ഔട്ട് റീച്ച് വർക്കർ ശ്രീരേഖ എന്നിവർ ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിച്ചു. കുട്ടിയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് വിലയിരുത്തിയ ശേഷം കുട്ടിയുടെ തുടർസംരക്ഷണം ഏറ്റെടുക്കുകയുമാണുമുണ്ടായത്. കുട്ടിയെ തുടർപരിപാലനത്തിനായി ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.