adoor

കട്ടപ്പന :മലയോര ജനത സംസ്ഥാനത്തെ നിയമങ്ങൾ പാലിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ വീണ്ടും ക്രമവൽക്കരിക്കണമെന്ന സർക്കാർ നിലപാട് ശുദ്ധ അസംബന്ധമാണെന്നും യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉപാധിരഹിതമായി മുഴുവൻ നിർമ്മിതികളും നിയമവൽക്കരിക്കുമെന്നും യു. ഡി. എ് കൺവീനർ അടൂർ പ്രകാശ് എം .പി ഹൈറേഞ്ച് നിവാസികൾക്ക് ഉറപ്പു നൽകി. സർക്കാരിന്റെ ഭൂപതിവ് ചട്ട ഭേദഗതി തട്ടിപ്പിനെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റി കട്ടപ്പന സിഎസ്‌ഐ ഗാർഡനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1964 ലെ ചട്ടം അനുസരിച്ച് സംസ്ഥാനം മുഴുവൻ പട്ടയം നൽകിയിരിക്കുകയും എല്ലായിടത്തും ജനങ്ങൾ കെട്ടിടം പണിതിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഹൈറേഞ്ചിലെ നിർമ്മാണം മാത്രം നിയമവിരുദ്ധമാണെന്ന് പറയുമ്പോൾ ഹൈറേഞ്ച് ഈ സംസ്ഥാനത്തിന്റെ ഭാഗമല്ലേ?. . ചട്ട ഭേദഗതിയുമായി ബന്ധപ്പെട്ട ക്രമവൽക്കരണത്തിനു വേണ്ടി വെള്ളക്കടലാസിൽ പോലും അപേക്ഷ നൽകരുതെന്ന് അദ്ദേഹം ജനങ്ങൾക്ക് നിർദ്ദേശം നൽകി. യുഡിഎഫ് പൊതു സർക്കാർ ഉത്തരവിലൂടെ മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കും. ഊരാക്കുടുക്കുകൾ സൃഷ്ടിച്ച് ജില്ലയുടെ വികസനം മുരടിപ്പിക്കുകയും ജനങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടിക്കെതിരെ തക്ക തിരിച്ചടി നൽകാൻ ഇടുക്കിയിലെ ജനങ്ങൾ തയ്യാറെടുത്തു കഴിഞ്ഞതായി മുഖ്യപ്രഭാഷണം നടത്തിയ അഡ്വ ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.

യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ സംഗമത്തിൽ സിപി മാത്യു,അഡ്വ. എസ് അശോകൻ, പ്രൊഫ. എം ജെ ജേക്കബ്, കെ എ സിയാദ്, അഡ്വ. ഇ എം ആഗസ്തി എക്സ് എം എൽ എ, റോയി കെ പൗലോസ്, അപു ജോൺ ജോസഫ്, അഡ്വ ജോയി തോമസ്, അഡ്വ ഇബ്രാഹിംകുട്ടി കല്ലാർ, സി വർഗീസ്, കെ എ കുര്യൻ എന്നിവർ പ്രസംഗിച്ചു.