കട്ടപ്പന: യാതൊരു ഭേദചിന്തകളും ഇല്ലാതെ സർവ്വലോകത്തുമുള്ള സർവരും സഹോദന്മാരായി സുഖസമൃദ്ധിയിൽ സമത്വാഅധിഷ്ഠിതമായി ജീവിക്കുന്ന ഒരു മാതൃകാസ്ഥാനം ഉണ്ടാകുന്നതിന് വേണ്ടിയുള്ള വഴികളാണ് ഗുരുദേവൻ നമുക്ക് തുറന്ന് തന്നതെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. കൊച്ചുതോവാള ശാഖയുടെ സമാധിദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവന്റെ മഹിതമായ ജീവിതവും ദർശനവും സന്ദേശങ്ങളും ഏതൊരാൾക്കും ഏത് കാലത്തും സ്വീകാര്യമായതാണ്. ജനങ്ങളുടെ ഭൗതികവും പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ആധാരമായതുമായ ദർശനമാണ് മഹാഗുരു നൽകിയിട്ടുള്ളത്. ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം മനുഷ്യന്റെ നവീകരണത്തിനുള്ള ദിനമായിട്ടാണ് ആചരിക്കപ്പെടുന്നത്. മഹാസമാധിദിനത്തിൽ ഗുരുദേവന്റെ മഹത് സന്ദേശങ്ങളും കൃതികളും പഠിക്കുക വഴി പുതിയൊരു ലോകത്തേയ്ക്കുള്ള മനുഷ്യന്റെ യാത്രയാണ് ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് സന്തോഷ് പാതയിൽ, സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് വിനോദ് മറ്റത്തിൽ എന്നിവർ നേതൃത്വം നൽകി. മലനാട് യൂണിയനിലെ 38 ശാഖകളിലും വിവിധ പരിപാടികളോടുകൂടി സമാധിദിനം ആചരിച്ചു. സമാധിദിനത്തിന്റെ മഹത്വം അറിയിച്ചുകൊണ്ടുള്ള പ്രഭാഷണങ്ങൾ, സമൂഹപ്രാർത്ഥന, ശാന്തിയാത്ര, പഞ്ചശുദ്ധി ആചരണ ഉപവാസം എന്നിവയോടെ അതിവിപുലമായാണ് സമാധിദിനംആചരിച്ചത്.