കാർഷിക വിളകളെക്കുറിച്ച് സമഗ്ര ഡാറ്റാബേസ് തയ്യാറാക്കുന്നു
തൊടുപുഴ: കാർഷിക വിളകളെക്കുറിച്ച് സമഗ്ര ഡാറ്റാബേസ് തയ്യാറാക്കുന്ന കൃഷി വകുപ്പിന്റെ ഡിജിറ്റൽ ക്രോപ്പ് സർവേ നടപടികൾ ജില്ലയിൽ ആരംഭിച്ചു. ജില്ലയിൽ എട്ട് വില്ലേജുകളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ ഭൂ ഉടമകളെപ്പറ്റിയുമുള്ള മുഴുവൻ കാര്യങ്ങളും ഈ അടിസ്ഥാന വിവരശേഖരണത്തിൽ ഉണ്ടാകും. വ്യക്തികളുടെ പേര്, സർവേ നമ്പരുകൾ, സ്ഥല വിസ്തീർണം എന്നിവയ്ക്ക് പുറമേ ആ സ്ഥലത്തിന്റെ ലൊക്കേഷനും ഇതിലുണ്ടാകും. മൊബൈൽ ആപ്പിലൂടെ മുഴുവൻ വിസ്തീർണത്തിൽ കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ അളവ്, വിള, വിളയുടെ നിലവിലെ അവസ്ഥ, ജലസേചന സൗകര്യം, വിതച്ച തീയതി എന്നിവ രേഖപ്പെടുത്തും. കൂടാതെ വിളകളുടെ ജിയോടാഗ് ചെയ്ത ഫോട്ടോയും അപ് ലോഡ് ചെയ്യണം. ഇത് കൃഷിഭവൻ തലത്തിൽ പരിശോധിച്ച് അംഗീകാരം നൽകും. ഒരു വർഷത്തിൽ രണ്ട് സീസണുകളിലാണ് സർവേ (ഖാരിഫ്, റാബി ). ഭാവിയിൽ പി.എം കിസാൻ, പി.എം.എഫ്.ബി.വൈ തുടങ്ങിയ ആനുകൂല്യങ്ങളും കാർഷിക ലോണുകളും ഈ ഡാറ്റാ ബേസുമായി സംയോജിപ്പിക്കുന്നതാണ്. റവന്യൂ വകുപ്പ് ഡിജിറ്റൽ റെക്കാഡ് തയ്യാറാക്കിയ പഞ്ചായത്തുകൾ മാത്രമാണ് സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവ ഡിജിറ്റലൈസ് ചെയ്ത് രേഖകൾ ലഭിക്കുന്ന ഘട്ടത്തിൽ സർവേ നടത്തും. എല്ലാ വർഷവും സർവേയ്ക്ക് തുടർച്ചയുണ്ടാകും.
സർവേ നടത്തുന്നത്
ഇങ്ങനെ
സർവേ നടത്തുന്നത് കൃഷിഭവൻ താത്കാലികമായി തിരഞ്ഞെടുത്ത സർവേയർമാരാണ്. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരെയാണ് തിരഞ്ഞെടുക്കുക. കൂടാതെ സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാനുള്ള കഴിവും പ്രദേശത്തെ സ്ഥലങ്ങളെയും വിളകളെപ്പറ്റിയും ധാരണയുണ്ടാവണം. ഒരു വാർഡിൽ ഒരാളെന്ന കണക്കിലാണ് നിയമനം. ഇവർക്ക് ഒരു പ്ലോട്ടിലെ വിവരം തയ്യാറാക്കുന്നതിന് 20 രൂപയാണ് നൽകുക. ഒരാൾക്ക് പരാമാവധി 1500 പ്ലോട്ടുകളുടെ വിവരശേഖരണം നടത്താനാകും. ഇത് ഡാറ്റ പരിശോധിച്ച് ശരിയാണെന്ന് ബോധ്യപ്പെട്ട് അംഗീകാരം നൽകുമ്പോൾ ബാങ്ക് അക്കൗണ്ട് വഴി പണം നൽകും. സർവേയ്ക്കായി എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. 60: 40 എന്ന അനുപാതത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളാണ് തുക അനുവദിക്കുന്നത്.
സർവേ നടത്തുന്ന
വില്ലേജുകൾ
ജില്ലയിൽ തൊടുപുഴ, ഇളംദേശം, ദേവികുളം, അടിമാലി ബ്ലോക്കുകളിലെ കാന്തല്ലൂർ, പള്ളിവാസൽ, വെള്ളത്തൂവൽ, ആലക്കോട്, കരിങ്കന്നം, കോടിക്കുളം, മണക്കാട്, ഉടുമ്പന്നൂർ വില്ലേജുകളിലാണ് പദ്ധതി പുരോഗമിക്കുന്നത്. കോടിക്കുളം വില്ലേജിൽ വിവിധ സർവേ നമ്പരുകളിലുള്ള അഞ്ഞൂറിലധികം പ്ലോട്ടുകളുടെ വിവരം ശേഖരിച്ച് കഴിഞ്ഞു. മറ്റുള്ള വില്ലേജുകളിൽ സർവേയർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകുന്നത് അടക്കമുള്ള തുടർ നടപടികൾ പുരോഗമിക്കുകയാണ്.
''പല സ്ഥലങ്ങളിലും സർവേയ്ക്ക് ആളെ ലഭിക്കാത്തതാണ് നിലവിലെ പ്രധാന പ്രശ്നം. എങ്കിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നടപടികൾ ഉടൻ പൂർത്തിയാക്കും""
-ജോബി എൻ. ജോസഫ്
(ഡെപ്യൂട്ടി ഡയറക്ടർ, എക്സ്റ്റൻഷൻ ആൻഡ് ട്രെയിനിംഗ്, കൃഷിവകുപ്പ് ഇടുക്കി)