തൊടുപുഴ: സംസ്ഥാന സർക്കാരിന്റെ വികലമായ പൊതു വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന പരിവർത്തന സന്ദേശയാത്ര ഇന്ന് തൊടുപുഴയിൽ എത്തും. കാസർകോട് നിന്നും ആരംഭിച്ച് ഈ മാസം 27ന് തിരുവനന്തപുരത്ത് അവസാനിക്കത്തക്ക വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.വൈകിട്ട് 5 ന് തൊടുപുഴയിൽ എത്തുന്ന ജാഥയോടനുബന്ധിച്ച് വി.കെ ആറ്റ്ലി ,ജോർജ് ജേക്കബ് എന്നിവർ നയിക്കുന്ന ഉപജാഥ നെടുങ്കണ്ടത്ത് നിന്നും ആരംഭിച്ച് ജില്ലയിലെ 5 ഉപജില്ലയിലൂടെ പ്രയാണം ചെയ്ത് വൈകിട്ട് നാലിന് തൊടുപുഴയിലെത്തും.സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ്, സെക്രട്ടറി പി.കെ അരവിന്ദൻ ,ട്രഷറർ അനിൽ വട്ടപ്പാറ എന്നിവരെ സംസ്ഥാന സെക്രട്ടറി പി.എം നാസർ , ബിജോയ് മാത്യു, ജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ,സെക്രട്ടറി സുനിൽ ടി തോമസ്, ഷിന്റോ ജോർജ്, സജി മാത്യു, പോഷക സംഘടന നേതാക്കൾ, ഉപജില്ല, ജില്ലാ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിക്കും.