ഇടുക്കി : കുട്ടിക്കാനം - കട്ടപ്പന റോഡിൽ ഏറുമ്പാടം ജംഗ്ഷനിലുള്ള വീടിന്റെ സംരക്ഷണഭിത്തി കാലവർഷ കെടുതിയിൽ തകർന്ന സാഹചര്യത്തിൽ റവന്യൂ അധികൃതർ സ്ഥല പരിശോധന നടത്തി നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. പരാതിക്കാരനായ ചിന്നാർ ഏറുമ്പാടം സ്വദേശി മുഹമ്മദ് ഷെരീഫ് ഇതിനായി കളക്ടർക്ക് അപേക്ഷ നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അപേക്ഷ ലഭിച്ച് 2 മാസത്തിനകം നടപടി പൂർത്തിയാക്കണം.
പരാതിക്കാരന്റെ വീടും സ്ഥലവും മലയോര ഹൈവേയുടെ നിർമ്മാണത്തിനായി ഏറ്റെടുത്തിട്ടില്ലാത്തതിനാൽകിഫ്ബി ഫണ്ട് ഉപയോഗിച്ച് സംരക്ഷണഭിത്തി നിർമ്മിക്കാനാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ് പീരുമേട് റോഡ്സ് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചിരുന്നു. എന്നാലിത് കമ്മീഷൻ അംഗീകരിച്ചില്ല. ഏലപ്പാറ വില്ലേജ് ഓഫീസർ തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടിൽ സംരക്ഷണഭിത്തി നിർമ്മിക്കേണ്ടത് അനിവാര്യമാണെന്ന് പറഞ്ഞിട്ടുള്ളതായി കമ്മീഷൻ മനസിലാക്കി. റവന്യൂ അധികൃതർ സ്ഥലപരിശോധന നടത്തി സംരക്ഷണഭിത്തി നിർമ്മിക്കേണ്ടത് ആവശ്യമാണെന്ന് കണ്ടെത്തിയാൽ പൊതുമരാമത്ത് അധികൃതർക്ക് നിർദ്ദേശം നൽകണം. ദുരന്തനിവാരണ നിയമ പ്രകാരം നടപടിയെടുക്കണമെന്നും കളക്ടർക്ക് നൽകിയ ഉത്തരവിൽ പറഞ്ഞു.