ഇടുക്കി: ആയുർവേദ ദിനാഘോഷത്തോടനുബന്ധിച്ച് ഇടുക്കി പാറേമാവ് ആയുർവേദ ആശുപത്രിയിൽ അസ്ഥിസന്ധിരോഗ വിഭാഗത്തിനായുള്ള പ്രത്യേക ക്ലിനിക്കിന്റെയും നവീകരിച്ച നേത്രചികിത്സാ വിഭാഗത്തിന്റെയും ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിക്കും. ആശുപത്രിതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ നിർവഹിക്കും. പ്രമേഹരോഗികൾക്കായുള്ള സ്‌പെഷ്യാലിറ്റി ഡയബറ്റിക്ക് ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജി. സത്യൻ നിർവഹിക്കും. ദിനാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ആശുപത്രിയിൽ നടക്കുന്നത്. പ്രമേഹരോഗികൾക്കായി പ്രത്യേക ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനവും വിവരണവും നടക്കും. ആരോഗ്യകരവും രുചികരവുമായ വിഭവങ്ങൾ ഉൾപ്പെടുത്തിയ പാചകമത്സരവും സംഘടിപ്പിക്കും. വിദ്യാർഥികൾക്കായി ഹയർസെക്കൻഡറി തലത്തിലുള്ള പെൺകുട്ടികൾക്ക് വിളർച്ചാ പരിശോധനാക്യാമ്പ് നടത്തും. കൂടാതെ, സ്‌കൂൾതലത്തിൽ പ്രബന്ധ രചനാമത്സരവും ആയുർവേദ ഔഷധപരിചയ ക്വിസ് മത്സരവും ഉണ്ടാകും. സ്‌കൂളുകളിൽ ഔഷധസസ്യങ്ങൾ നട്ടുവളർത്തുന്ന പരിപാടിയും ഇതിന്റെ ഭാഗമായി നടക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കും. കൂടാതെ, ട്രൈബൽ മേഖലകളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകളും നടത്തുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സി.എം ഹരിമോഹൻ അറിയിച്ചു.