
ഇടുക്കി: നെടുങ്കണ്ടം ഡിപ്പോയ്ക്ക് അനുവദിച്ച പുതിയ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ളാഗ് ഓഫ് എം.എം മണി എം.എൽ.എ നിർവഹിച്ചു. രണ്ട് സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസും, ഒരു ഫാസ്റ്റ് പാസഞ്ചറുമാണ് അനുവദിച്ചത്. സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ് നെടുങ്കണ്ടം -കണ്ണൂർ - ചെറുപുഴ സർവീസും, ഫാസ്റ്റ് പാസഞ്ചർ നെടുങ്കണ്ടം - തിരുവനന്തപുരം സർവീസുമാണ് നടത്തുന്നത്. ഈ റൂട്ടുകളിൽ പുതിയ ബസ് സർവീസ് നടത്തുമെങ്കിലും സമയത്തിലും ഷെഡ്യൂളുകളിലും മാറ്റമുണ്ടാകില്ല. ടിക്കറ്റുകൾ ഓൺലൈൻ മുഖേന ബുക്ക് ചെയ്യാം. വീഡിയോ, ഓഡിയോ സൗകര്യങ്ങൾ, എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിംഗ് പോർട്ടുകൾ ഉൾപ്പെടെ യാത്ര ആസ്വാദ്യകരമാക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും പുതിയ ബസിൽ ഒരുക്കിയിട്ടുണ്ട്. 49 സീറ്റുകളാണ് യാത്രക്കാർക്കായി ഉള്ളത്.നെടുങ്കണ്ടം ബസ് സ്റ്റാൻഡിൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ആർ.മനേഷ്, വെഹിക്കിൾ സൂപ്പർവൈസർ ഷാബു വി.എം, സൂപ്രണ്ട് ഇൻ ചാർജ് രഞ്ചു ടി.ജെ, തുടങ്ങിയവർ പങ്കെടുത്തു.